സ്വന്തം ലേഖകൻ: മമ്മൂട്ടി പ്രധാനവേഷത്തില്‍ എത്തുന്ന മാമാങ്കത്തിലെ ആദ്യ ഗാനം പുറത്ത്. മൂക്കുത്തി എന്ന് തുടങ്ങുന്ന ഗാനം ശ്രേയ ഘോഷലാണ് ആലപിച്ചിരിക്കുന്നത്. റഫീക്ക് അഹമ്മദിന്‍റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം നല്‍കിയിരിക്കുന്നു.
ഉണ്ണി മുകുന്ദന്‍, സുദേവ് നായര്‍, ഇനിയ, പ്രാചി തെഹ്ലാൻ എന്നിവരാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പഴശ്ശിരാജയ്ക്കുശേഷം വീണ്ടും വാളും പരിചയമേന്തി മമ്മൂട്ടി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുകയാണ്. എം പദ്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പത്തു കോടിയിലേറെ രൂപ ചെലവിട്ട് നിര്‍മ്മിച്ചതാണ് ചിത്രത്തിന്റെ സെറ്റ് എന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്.
മനോജ് പിള്ളയാണ് ഛായാഗ്രഹണം. ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. അനു സിതാര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല