സ്വന്തം ലേഖകന്‍: താലിബാന് നേതാവ് മുല്ലാ ഉമര്‍ ഒളിച്ചുതാമസിച്ചിരുന്നത് അമേരിക്കന്‍ സൈന്യത്തിന്റെ മൂക്കിന് താഴെയെന്ന് വെളിപ്പെടുത്തല്‍. 2013ല്‍ മരിച്ച ഉമറിനെക്കുറിച്ച് ഡച്ച് മാധ്യമപ്രവര്‍ത്തക ബെറ്റി ഡാം എഴുതിയ പുതിയ പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്. 2001ല്‍ അമേരിക്കന്‍ സേന താലിബാന് ഭരണകൂടത്തെ അട്ടിമറിച്ചശേഷമാണ് ഒമര്‍ ഒളിവില്‍പോയത്.
അഫ്ഗാനിസ്ഥാനിലെ സാബൂള്‍ പ്രവിശ്യയിലെ ലാഗ്മാന്‍ സൈനികകേന്ദ്രത്തിനു തൊട്ടടുത്ത ഗ്രാമത്തിലെ ഭവനത്തിലാണ് ഒളിച്ചുകഴിഞ്ഞത്. ഗവര്‍ണറുടെ വസതിക്കും തൊട്ടടുത്തായിരുന്നു ഒളിത്താവളം. അമേരിക്കന്‍ സേന മേഖലയില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഉമറിനെ കണ്ടെത്താനായില്ല. 2004ല്‍ താവളം മാറ്റി. ഷിങ്കായ് ജില്ലയിലെ വൂള്‍വറിന്‍ സൈനികാസ്ഥാനത്തിനടുത്തായിരുന്നു പുതിയ ഒളിത്താവളം.
ഒളിവുജീവിതം നയിച്ച ഉമര്‍ താലിബാന് നേതൃസ്ഥാനത്തുനിന്ന് മാറി ആത്മീയഗുരുവായി പ്രവര്‍ത്തിക്കുകയായിരുന്നു. ഉമറിന്റെ സഹായി ജബ്ബാര്‍ ഒമാരിയാണ് ഈ വിവരങ്ങള്‍ നല്‍കിയത്. അസുഖബാധിതനായിരുന്ന ഉമര്‍ 2013 ഏപ്രില്‍ 23ന് മരിച്ചു. എന്നാല്‍ ഇക്കാര്യം താലിബാന് 2015 വരെ പുറത്തുവിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല