സ്വന്തം ലേഖകന്‍: മുല്ലപ്പെരിയാറില്‍ പുതിയ അണ കെട്ടുന്നതുമായി ബന്ധപ്പെട്ട് കേരളം നടത്തുന്ന ഇടപെടലുകള്‍ തടയണമെന്ന് കേന്ദ്രത്തോട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു. പുതിയ അണക്കെട്ടിന് പരിസ്ഥിതി ആഘാത പഠനം നടത്താന്‍ അനുമതി തേടിയ കേരള സര്‍ക്കാരിനെ പ്രോല്‍സാഹിപ്പിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തില്‍ പറയുന്നു.
കേരളത്തിന്റെ അപേക്ഷ തിരിച്ചയക്കണമെന്നും പ്രധാനമന്ത്രിയോട് ജയലളിത ആവശ്യപ്പെട്ടു. പുതിയ അണ കെട്ടുന്നതിനു മുന്നോടിയായി പരിസ്ഥിതി പഠനം നടത്തുന്നതിനുള്ള ടേംസ് ഓഫ് റഫറന്‍സിനുള്ള കേരളത്തിന്റെ അപേക്ഷ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പരിശോധിച്ചതു പോലും സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്നു ജയലളിത കത്തില്‍ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ നീക്കങ്ങളെ തടയാന്‍ മോദി ഇടപെടണമെന്നും ജയലളിത ശക്തമായി ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാറില്‍ പുതിയ അണ കെട്ടാമെന്നുള്ള കേരളത്തിന്റെ നിര്‍ദേശം സുപ്രീം കോടതി നേരത്തെ തള്ളിക്കളഞ്ഞതാണ്. ഇതിനെതിരെ കേരള സര്‍ക്കാര്‍ നല്‍കിയ റിവ്യൂ ഹര്‍ജിയും സുപ്രീം കോടതി തള്ളിയതാണെന്നു ജയലളിത പറഞ്ഞു. എന്നാല്‍, സുപ്രീം കോടതി ഉത്തരവിനെ അട്ടിമറിക്കാനാണു കേരള സര്‍ക്കാര്‍ ശ്രമിക്കുന്നത്.
പ്രിസ്ഥിതി ആഘാത പഠനം നടത്തുന്നതിനെതിരെ തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഈ ഹര്‍ജി അടുത്ത മാസം പരിഗണിക്കുമെന്നും ജയലളിത വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല