സ്വന്തം ലേഖകന്‍: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനായി പരിസ്ഥിതി ആഘാത പഠനം നടത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. നേരത്തെ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയുന്നതിന് പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേരളത്തിന് കേന്ദ്രം അനുമതി നല്‍കിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍ അനുവാദം നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനായുള്ള പരിസ്ഥിതി പഠനത്തിന് കേരളത്തിന് അനുമതി നല്‍കിയതായി വന്ന വാര്‍ത്തകള്‍ ശരിയല്ല.
കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തു വന്നത്. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന അണക്കെട്ടിന്റെ പരിസ്ഥിതി ആഘാത പഠനം നടത്താന്‍ നേരത്തെ ദേശീയ വന്യജീവി ബോര്‍ഡിന്റെ അനുമതി ലഭിച്ചിരുന്നു.
പുതിയ അണക്കെട്ടിനായുള്ള പരിസ്ഥിതി ആഘാത പഠനം നടത്താന്‍ സെക്കന്ദരാബാദ് ആസ്ഥാനമായ എജന്‍സിയെ കേരളം ചുമതലപ്പെടുത്തുകയും ചെയ്തു. നിലവിലെ അണക്കെട്ട് സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം പുതിയ ഡാമിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നത്.
എന്നാല്‍ വന്യജീവി ബോര്‍ഡിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പുതിയ അണക്കെട്ടിന്റെ നിര്‍മാണത്തില്‍ നിന്ന് കേരളത്തെ വിലക്കണമെന്നാണ് സുപ്രീം കോടതിയില്‍ തമിഴ്നാട് ആവശ്യപ്പെട്ടത്. തമിഴ്നാടിന്റെ കൂടി അനുമതിയില്ലാതെ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ അനുവദിക്കരുതെന്ന് കഴിഞ്ഞ വര്‍ഷം മെയ് ഏഴിന്റെ വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതായും തമിഴ്നാടിന്റെ ഹര്‍ജിയില്‍ ഓര്‍മ്മിപ്പിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല