സ്വന്തം ലേഖകൻ: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴാത്ത സാഹചര്യത്തിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തി. മൂന്ന് ഷട്ടറുകളും മൂന്ന് സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. ഈ സാഹചര്യത്തിൽ പെരിയാറിന്റെ തീരത്തുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
രാവിലെ 11 മണിയോടെയാണ് ഷട്ടറുകൾ കൂടുതൽ ഉയർത്തിയത്. ഇപ്പോൾ മൂന്ന് ഷട്ടറുകളും 70 സെന്റീ മീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. ഇന്ന് രാവിലെ വരെ 844 ക്യുസെക്‌സ് വെള്ളമാണ് ഷട്ടറുകൾ വഴി പുറത്തേക്ക് വിട്ടിരുന്നത്. ഇത് 1675 ക്യൂസെക്‌സ് ആയാണ് വർദ്ധിപ്പിച്ചത്.
ജലനിരപ്പ് 138 അടിയായി നിലനിർത്തുന്നതിന്റെ ഭാഗമായി ഇന്നലെ രാവിലെ ഏഴരയോടെയാണ് മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ തുറന്നത്. ആദ്യഘട്ടത്തിൽ രണ്ട് ഷട്ടറുകൾ തുറന്നാണ് വെള്ളം ഒഴുക്കിവിട്ടിരുന്നത്. എന്നാൽ ജല നിരപ്പ് താഴാത്ത സാഹചര്യത്തിൽ രാത്രിയോടെ ഒരു ഷട്ടർ കൂടി ഉയർത്തുകയായിരുന്നു. എന്നാൽ ജലനിരപ്പിൽ മാറ്റമുണ്ടായില്ല.
ഇതേ തുടർന്ന് ഷട്ടറുകൾ കൂടുതൽ ഉയർത്താൻ തീരുമാനിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുകയാണെന്നാണ് വിവരം. ജലനിരപ്പ് 138 അടിയായി നിർത്താൻ കൂടുതൽ വെള്ളം കൊണ്ടുപോകാൻ തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം മുല്ലപ്പെരിയാറിൽ നിന്ന് ജലമെത്തിയിട്ടും ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പിൽ വർദ്ധനവില്ല എന്നത് ആശ്വാസമേകുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല