കൊച്ചി: മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ മറവില്‍ സര്‍ക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും ഉദ്യോഗസ്ഥലോബികളും ചേര്‍ന്ന് ജനങ്ങളില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ഭീതിയുടെ മുള്‍മുനയില്‍ നില്ക്കുന്ന 35 ലക്ഷം ജനങ്ങളെ ബലികൊടുക്കാനൊരുങ്ങുകയുമാണ ന്ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന് ആരോപിച്ചു.
മുല്ലപ്പെരിയാര്‍ ഡാമിലെ വിള്ളലുകളിലൂടെ വെള്ളം ഒഴുകുമ്പോഴും, ഭൂചലനങ്ങള്‍ ആവര്‍ത്തിച്ച് തുടര്‍ചലനങ്ങളുടെ സാധ്യത നിലനില്‍ക്കുമ്പോഴും മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ചുള്ള ആശങ്കകള്‍ മാധ്യമ സൃഷ്ടിയാണെന്ന് കോടതിയില്‍ സൂചിപ്പിച്ച അഡ്വക്കറ്റ് ജനറല്‍ കേരളസമൂഹത്തിനാകെ അപമാനമാണ്.
മുല്ലപ്പെരിയാര്‍ തകരുന്ന സാഹചര്യത്തില്‍ ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്നാല്‍ ജലം അറബിക്കടലിലേയ്ക്ക് ഒഴുകിപ്പോകുമെന്ന വിശദീകരണം കൂടെ ഒഴുകേണ്ടിവരുന്ന ലക്ഷക്കണക്കിനാളുകളെ മറന്നുള്ളതാണ്. ഭയപ്പാടിന്റെ മുള്‍മുനയില്‍ നില്‍ക്കുമ്പോഴും രാഷ്ട്രീയ ഉദ്യോഗസ്ഥക്കൂട്ടുകെട്ടുകള് ഈ ജനസമൂഹത്തെവെച്ച് വിലപേശി നേട്ടങ്ങള്‍ കൊയ്യാന്‍ ശ്രമിക്കുന്നത് ദു:ഖകരമാണന്ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന് സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്യന്‍ പറഞ്ഞു.
നാളെ (ഞായര്‍) മുല്ലപ്പെരിയാര്‍ ദിനമായി ആചരിക്കുന്നതിന്റ ഭാഗമായി ചപ്പാത്തിലെ സമരഭൂമിയില്‍ ആയിരക്കണക്കിന് സീറോ മലബാര്‍ സഭാ യുവജനങ്ങള്‍ ‘മനുഷ്യഅണക്കെട്ട’് നിര്‍മ്മിക്കും. കേരളത്തിലെ വിവിധ രൂപതകളിലും ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും വിദേശത്തുമുള്ള സീറോ മലബാര്‍ സഭ അല്മായ സമൂഹം നാളെ മുല്ലപ്പെരിയാര്‍ സമരത്തിന് പിന്തുണയേകി ഐക്യദാര്‍ഢ്യ സമ്മേളനങ്ങളും പ്രാര്‍ത്ഥനകളും സംഘടിപ്പിക്കുന്നതാണെന്ന് അല്മായ കമ്മീഷന് സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്യന്‍ സൂചിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല