സ്വന്തം ലേഖകന്‍: മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കില്ലെന്ന തമിഴ്‌നാടിന്റെ നിലപാടില്‍ കേന്ദ്ര സര്‍ക്കാരിന് അതൃപ്തി; ജലകമ്മീഷന്‍ ചെയര്‍മാനായി പുതിയ സമിതി; ജലനിരപ്പ് സംബന്ധിച്ച കേരളത്തിന്റെ വാദങ്ങള്‍ പരിഗണിക്കും. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറയ്ക്കില്ലെന്ന് തമിഴ്‌നാട്. ജലനിരപ്പ് 142 അടിയില്‍ തന്നെ നിലനിര്‍ത്തുമെന്ന് എടപ്പാടി പളനിസ്വാമി അറിയിച്ചു. ഡാം സുരക്ഷിതമാണെന്നും അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് എടപ്പാടി കത്തയച്ചു.
അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടു കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അയച്ച കത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അതേസമയം തമിഴ്‌നാടിന്റെ നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ അതൃപ്തി അറിയിച്ചു. സുരക്ഷയുടെ എല്ലാ വശങ്ങളും വിദഗ്ധര്‍ വിലയിരുത്തിയ ശേഷമാണ് മറുപടിയെന്നാണ് കത്തിലെ പരാമര്‍ശം. നിലവില്‍ കൊണ്ടുപോകാന്‍ സാധിക്കുന്ന അത്രയും വെള്ളം കൊണ്ടുപോകുന്നുണ്ടെന്നും കത്തില്‍ പറയുന്നു.
കേരളത്തിന്റെ വൃഷ്ടിപ്രദേശങ്ങള്‍ പരിശോധിക്കാന്‍ തമിഴ്‌നാട്ടില്‍നിന്നുള്ള ഉദ്യോഗസ്ഥരെ കേരളം അനുവദിക്കുന്നില്ലെന്നും ഈ പരിശോധന നടത്തിയാല്‍ മാത്രമേ എത്ര അടി ജലം ഡാമിലെത്തുമെന്ന് കണക്കാക്കാന്‍ സാധിക്കുകയുള്ളൂ. മുലപ്പെരിയാര്‍ ഡാം പരിസരങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന് 1.65 കോടി രൂപ തമിഴ്‌നാട് കെഎസ്ഇബിയ്ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ വൈദ്യുതി പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് കെഎസ്ഇബിയില്‍ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും എടപ്പാടി കത്തില്‍ പറയുന്നു.
ജലനിരപ്പ് 140 അടിയായതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 2.35ന് ഡാമിലെ ജലനിരപ്പ് 140 അടിയായതിനു പിന്നാലെയാണ് സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി ഡാം തമിഴ്‌നാട് തുറന്നുവിട്ടത്. സ്പില്‍വേയിലെ 13 ഷട്ടറുകള്‍ ഒരടി വീതമാണ് ആദ്യം തുറന്നത്. രണ്ടു മണിക്കൂറിനു ശേഷം ഇതില്‍ മൂന്നു ഷട്ടറുകള്‍ അടച്ചു. 15 ന് പുലര്‍ച്ചെ 1.30 നുള്ള കണക്കുകള്‍ പ്രകാരം ജലനിരപ്പ് 139.70 അടിയായിരുന്നു. അണക്കെട്ടില്‍ നിന്നുള്ള വെള്ളം വണ്ടിപ്പെരിയാര്‍ ചപ്പാത്തുവഴി ഇടുക്കി അണക്കെട്ടിലേക്ക് എത്തുകയാണ്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍. ജല കമ്മീഷന്‍ ചെയര്‍മാന്‍ അധ്യക്ഷനായി പുതിയ സമിതിയെ നിയോഗിച്ചു.കേരളം, തമിഴ്‌നാട് പ്രതിനിധികള്‍ സമിതിയില്‍ അംഗങ്ങളാകും. ജലനിരപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിശോധിക്കും. മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കാനാകുമോയെന്ന് സുപ്രീംകോടതി തമിഴ്‌നാടിനോട് ആരാഞ്ഞിരുന്നു. ജലനിരപ്പ് 139 അടിയാക്കാന്‍ പറ്റുമോയെന്ന് പരിശോധിക്കണം. നാളെ രാവിലെ റിപ്പോര്‍ട്ട് നല്‍കാന്‍ ഉപസമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല