1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2015

സ്വന്തം ലേഖകന്‍: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയിലേക്ക്, ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്‌നാടിന്റെ മുന്നറിയിപ്പ്. അണക്കെട്ടിലെ വൃഷ്ടി പ്രദേശത്ത് പെയ്യുന്ന ശക്തമായ മഴയില്‍ അണക്കെട്ടിലെ നീരൊഴുക്ക് വര്‍ദ്ധിച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ജലനിരപ്പ് 142 അടിയോട് അടുത്താല്‍ ഷട്ടറുകള്‍ തുറക്കുമെന്ന തമിഴ്‌നാടിന്റെ മുന്നറിയിപ്പ് ഇടുക്കി ജില്ലാ കളക്ടര്‍ക്ക് ലഭിച്ചു.

നിലവില്‍ 141.6 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. സെക്കന്റില്‍ 2605 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. കഴിഞ്ഞദിവസം ഇത് 1900 അടിയായിരുന്നു. തമിഴ്‌നാട് 2100 ഘനയടി വെള്ളമാണ് അണക്കെട്ടില്‍ നിന്നും കൊണ്ടുപോകുന്നത്. എന്നാല്‍ അതിലും കൂടുതല്‍ വെള്ളം അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണം.

ജലനിരപ്പ് 142 അടിയായി ഉയരുന്നതിനുമുമ്പ് തന്നെ ഷട്ടര്‍ തുറക്കേണ്ടി വരുമെന്നാണ് തമിഴ്‌നാട് അറിയിച്ചത്. എന്നാല്‍ ആശങ്കപ്പെടാനില്ലെന്നും ഷട്ടര്‍ അരയടി വീതമേ ഉയര്‍ത്തൂവെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. ഇടുക്കി ജില്ലാ കളക്ടര്‍ പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കനത്തമഴയെതുടര്‍ന്ന് കഴിഞ്ഞ ആഴ്ച അണക്കെട്ടിലെ ഷട്ടറുകള്‍ തുറക്കേണ്ടി വന്നിരുന്നു. തമിഴ്‌നാട് ചട്ടങ്ങല്‍ അനുസരിക്കാതെയാണ് ഷട്ടര്‍ തുറക്കുന്നതും അടക്കുന്നതുമെന്ന ആരോപണം നിലനില്‍ക്കെയാണ് വീണ്ടും ജലനിരപ്പ് 142 അടിയോടടുത്ത് ഉയരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.