കേരളത്തിലെ 35 ലക്ഷം വരുന്ന ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് വേണ്ടി അന്താരാഷ്‌ട്ര സമൂഹം പ്രസ്താവനകളും ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ മേല്‍ ആരോഗ്യകരമായ പ്രേരണയും ചെലുത്തി ശാശ്വതമായ പ്രശ്നപരിഹാരം ഉണ്ടാക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് ഫെബ്രുവരി മാസം ഇരുപത്തിയഞ്ചാം തീയ്യതി ശനിയാഴ്ച 10.30 മുതല്‍ 12.30 വരെ ലിവര്‍പൂള്‍ സിറ്റി സെന്ററില്‍ ഉള്ള സെന്റ് ലൂക്സ് ദേവാലയത്തിന് മുന്‍പില്‍ സത്യഗ്രഹം അനുഷ്ഠിക്കുന്നു.
1896 ല്‍ ബ്രിട്ടീഷുകാരനായ ജോണ്‍ പെന്നികുക്ക് എന്നാ എന്‍ജിനീയര്‍ പണിത് അമ്പതു വര്ഷം കാലാവധി പറഞ്ഞ ഡാമിന് ഇപ്പോള്‍ 115 വര്‍ഷം പഴക്ക്മായി. ഡാമിന്റെ നിലനില്‍പ്പ് അപകടത്തിലാണെന്ന് വ്യത്യസ്ത സയിന്റിഫിക് ഏജന്‍സികള്‍ പറഞ്ഞിട്ടും ഡാം പുതുക്കി പണിത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇതുവരെ ഇന്ത്യന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഇംഗ്ലണ്ടിലും വിവിധ വിദേശ രാജ്യങ്ങളിലും ജീവിക്കുന്ന ലക്ഷക്കണക്കിന് മലയാളികള്‍ ഈ വിഷയത്തില്‍ ആശങ്കയിലാണ് ഓരോ ദിവസവും തള്ളി നീക്കുന്നത്.
ഇത്ര മാരകമായ മാനുഷിക പ്രശ്നത്തെ അന്താരാഷ്‌ട്ര സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും മുന്‍പില്‍ എത്തിക്കുന്നതിനായുള്ള ഒരു എളിയ ശ്രമത്തിന്റെ ഭാഗമായിട്ടാണ് ലിവര്‍പൂളിലെ എല്ലാ രാഷ്ട്രീയ സാമുദായിക സംഘടനകളുടെയും നേതൃത്വത്തില്‍ ഈ സമരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. സമരത്തിന്റെ മാനുഷിക തലം തിരിച്ചറിഞ്ഞ് ലിവര്‍പൂള്‍ സിറ്റി സെന്റ് മൈക്കള്‍ ഡിവിഷന്‍ കൌണ്‍സിലറും ഇംഗ്ലണ്ടിലെ നോര്‍ത്ത് വെസ്റ്റ് ഗ്രീന്‍ പാര്‍ട്ടി നേതാവുമായ ജോണ്‍ കോയിന്‍ സമരം ഉല്‍ഘാടനം ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ട്.
കഴിഞ്ഞ ജനുവരി മാസം ഒന്നാം തീയ്യതി ഈ സമരം നടത്താന്‍ ആലോചിച്ചു എങ്കിലും കൌണ്‍സിലില്‍ നിന്നും അനുവാദം ലഭിക്കാത്തത് കൊണ്ടാണ് അന്ന് സമരം നടത്താന്‍ കഴിയാതിരുന്നത്. പിന്നീട് സമരസമിതി അംഗങ്ങളായ തമ്പി ജോസിന്റെയും തോമസ് ജോണിന്റെയും നിരന്തരമായ ശ്രമത്തിന്റെ ഫലമായി ലിവര്‍പൂള്‍ കൌണ്‍സില്‍ നിന്നും ലിവര്‍പൂള്‍ സിറ്റി സെന്റര്‍ മാനേജ്മെന്റില്‍ നിന്നും അനുവാദം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണ് 25 ന് സമരം നടത്താന്‍ അവസരം ഒരുങ്ങിയത്.
നാട്ടിലുള്ള നമ്മുടെ മാതാപിതാക്കള്‍ സഹോദരങ്ങള്‍ സുഹൃത്തുക്കള്‍ എന്നിവരുടെ മാനസിക വ്യഥകളിലും ദുഃഖത്തിലും നമ്മള്‍ പങ്കുചേരുകയും നാട്ടില്‍ അവര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതിനും അതോടൊപ്പം നമുടെ പ്രതിഷേധം ഭരണകൂടത്തിനു മുന്‍പിലും എത്തിക്കാനുള്ള അവസരമായി കണ്ടു എല്ലാ വിഭാഗം ആളുകളും ഈ സമരത്തില്‍ പങ്കു ചേരണമെന്ന് സമരസമിതി അഭ്യര്‍ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല