1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 24, 2011

മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തകര്‍ന്നാല്‍ തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ ഉണ്ടാകാവുന്ന വരള്‍ച്ചയുടെ കഥ പറയുന്ന ‘സ്വാമി’ എന്ന ചിത്രം റിലീസിംഗിന്‌ തയ്യാറെടുക്കുന്നു. ചെന്നൈയിലെ ഒരു വ്യവസായ പ്രമുഖനാണ്‌ ഈ ചിത്രത്തിന്‌ പിന്നില്‍. വിജീഷ്‌ മണിയാണ്‌ സംവിധായകന്‍.

തമിഴിലും മലയാളത്തിലുമായി നിര്‍മ്മിക്കുന്ന സ്വാമിയെക്കുറിച്ച്‌ സൈബര്‍ സ്‌പേസില്‍ വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്‌. യു ട്യൂബില്‍ അപ്‌ലോഡ്‌ ചെയ്‌തിരിക്കുന്ന ‘നാരായണ’ എന്ന ഗാനത്തില്‍ വരള്‍ച്ചയില്‍ തമിഴ്‌നാട്‌ ഗ്രാമങ്ങള്‍ക്കുണ്ടാകുന്ന നാശം പരമാവധി തീവ്രതയോടെ ചിത്രീകരിച്ചിട്ടുണ്ട്‌. ഡാം തകര്‍ന്നാലും മറ്റൊരിടത്ത്‌ സ്‌ഥാപിച്ചാലും തമിഴ്‌നാടിന്‌ നിലവില്‍ കിട്ടുന്ന ജലം കിട്ടില്ലെന്നും തമിഴ്‌നാട്ടിലെ ഗ്രാമങ്ങള്‍ വരള്‍ച്ച നേരിട്ട്‌ തരിശുഭൂമികളായി മാറുമെന്ന തമിഴ്‌നാടിന്റെ ആശങ്കകളെ ന്യായീകരിക്കുകയാണ്‌ ‘സ്വാമി’ ചെയ്യുന്നത്‌.

കേരള-തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ സ്‌ഥിതി ചെയ്യുന്ന ഒരു ഡാം തകര്‍ന്നു കഴിഞ്ഞുള്ള തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തിന്റെ അവസ്‌ഥയാണ്‌ ചിത്രം പറയുന്നത്‌. വെള്ളം കിട്ടാതെ ഗ്രാമം വരള്‍ച്ചയെ നേരിടുന്നു. അതോടെ ഗ്രാമത്തിലെ കൃഷി നശിക്കുന്നു. ജനങ്ങള്‍ പട്ടിണിയിലാകുന്നു. നിസഹായരായ അവര്‍ ദൈവങ്ങളെ വിളിച്ച്‌ അലമുറയിട്ട്‌ കരയുന്നു.

അതോടെ ഒരു ഗ്രാമീണന്‌ ശബരിമല അയ്യപ്പന്റെ ദര്‍ശനം ഉണ്ടാകുന്നു. ഉത്രം നക്ഷത്രത്തില്‍ പിറന്ന ഒരു ബാലന്‍ നോയമ്പ്‌ നോറ്റ്‌ ശബരിമലയില്‍ എത്തിയാല്‍ ഗ്രാമത്തിന്റെ പ്രശ്‌നങ്ങള്‍ക്ക്‌ ശാശ്വത പരിഹാരം ഉണ്ടാകുമെന്നായിരുന്നു ദര്‍ശനം. അങ്ങനെ ശബരിമലയിലേക്ക്‌ തിരിച്ച ബാലന്‍ ഒരു റെയില്‍വേ സ്‌റ്റേഷനില്‍ വച്ച്‌ അപ്രത്യക്ഷനാവുന്നു.

തമിഴിലും മലയാളത്തിലും ചിത്രീകരിച്ച ‘സ്വാമി’ ഡിസംബര്‍ 30 ന്‌ തമിഴ്‌നാട്ടിലും കേരളത്തിലുമായി റിലീസ്‌ ചെയ്യാനാണ്‌ ശ്രമം നടക്കുന്നത്‌. യുട്യൂബില്‍ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്ന ‘സ്വാമി’ യെ മലയാളികള്‍ എങ്ങനെയാവും സ്വീകരിക്കുക എന്ന്‌ കാത്തിരുന്നു കാണാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.