ലിവര്‍പൂള്‍: കേരളത്തിലെ എന്നല്ല ലോകത്തിലെ മുഴുവന്‍ മലയാളികളുടെ ഉറക്കം കെടുത്തുന്ന മുല്ലപ്പെരിയാര്‍ ഡാം പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടു ലിവര്‍പൂള്‍ മലയാളി സമൂഹം നടത്തുന്ന സത്യാഗ്രഹത്തിന് ഇംഗ്ലണ്ടിലെ ഗ്രീന്‍ പാര്‍ട്ടി നേതാവും ലിവര്‍പൂള്‍ കൌണ്‍സിലറുമായ ജോണ്‍ കോയിന്‍ പിന്തുണ അറിയിച്ചു. അദ്ദേഹം സത്യാഗ്രഹം ഉത്ഘാടനം ചെയ്യാമെന്നും സമ്മതിച്ചിട്ടുണ്ട്. അതോടൊപ്പം പത്രപ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ജെഫ്ഫ് യങ്ങും അദ്ദേഹത്തിന്റെ പിന്തുണ അറിയിക്കുകയുണ്ടായി.
സത്യാഗ്രഹം നടത്തുന്നതിനു വേണ്ട അനുവാദത്തിന് വേണ്ടി കൌണ്‍സിലര്‍ ജോണ്‍ കോയിന്‍ മുഖേന പ്രമേയം അവതരിപ്പിക്കുന്നതിന് വേണ്ടി എത്തിയ സമരസമിതി നേതാക്കളായ തമ്പി ജോസിനെയും തോമസ് ജോണിനെയുമാന് ജോണ്‍ കോയന്‍ പിന്തുണ അറിയിച്ചത്. 2012 ജനുവരി ഒന്നാം തീയ്യതി ലിവര്‍പൂളിലെ യുദ്ധ സ്മാരകത്തിന്റെ മുന്‍പില്‍ പോയിരുന്നു സത്യാഗ്രഹം നടത്താന്‍ തീരുമാനിച്ചിരുന്നു എങ്കിലും അന്നെ ദിവസം അനുവാദം തരാന്‍ നിവര്‍ത്തിയില്ല എന്നാണു കൌണ്‍സിലില്‍ നിന്നും അറിയുവാന്‍ കഴിഞ്ഞത്.
ക്രിസ്തുമസിന്റെ ക്രമാതീതമായ തിരക്കുകാരണം പോലീസിന്റെ ഭാഗത്തെ അസൌകര്യം അദ്ദേഹം ചൂണ്ടി കാണിച്ചു. കാലാവധി കഴിഞ്ഞ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്ഥിരതയെ സംബന്ധിച്ച് തമിഴ്നാടിനും കേരളത്തിനും യോജിക്കാവുന്ന ഒരു ഏജന്‍സിയെ കൊണ്ട് പഠനം നടത്തി അണക്കെട്ടിനു ഭൂകമ്പങ്ങളെ അതിജീവിക്കുവാന്‍ കഴിയുമോ എന്ന് കണ്ടെത്തി അതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യാ ഗവണ്‍മെന്റ് നടപടികള്‍ സ്വീകരിക്കുക, ലോക സമൂഹവും മാധ്യമങ്ങളും ഈ വിഷയത്തില്‍ ഇടപെട്ടു ഇന്ത്യാ ഗവണ്‍മെന്റിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുക, ജനങ്ങളുടെ ആശങ്ക ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യാഗ്രഹം സംഘടിപ്പിക്കുന്നത്.
നാളെ നടക്കുന്ന കൌണ്‍സില്‍ മീറ്റിങ്ങിന് ശേഷം സമരം നടത്തേണ്ട ദിവസവും സമയവും അറിയിക്കാമെന്നാണ് കൌണ്‍സിലര്‍ അറിയിച്ചിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ സമരം മാറ്റി വെച്ചതായി സമരസമിതി അറിയിച്ചു. കൌണ്‍സിലില്‍ നിന്നും അനുവാദം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ദിവസവും സമയവും പിന്നീട് അറിയിക്കുന്നതാണ്. കേരളത്തില്‍ ഭയവികുലരായി കഴിയുന്ന നമ്മുടെ സഹജീവികളോടു കാരുണ്യം കാണിക്കുവാനുള്ള അവസരമായി കണ്ടു എല്ലാ വിഭാഗം ജനങ്ങളും ഈ സമരത്തില്‍ പങ്കാളികള്‍ ആകണമെന്ന് സമരസമിതി അഭ്യര്‍ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല