റിക്ടര്‍ സ്‌കെയിലില്‍ ആറ് രേഖപ്പെടുത്തുന്ന ഭൂചലനമുണ്ടായാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരുമെന്നും അതിനാല്‍ പുതിയ അണക്കെട്ട് വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. റൂര്‍ക്കി ഐ.ഐ.ടി.യുടെ ഡാംബ്രേക്ക് അനാലിസിസ് റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചുവെന്നും അദ്ദേഹം തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അണക്കെട്ടിന്റെ ഉള്‍ഭാഗം ചിതല്‍പ്പുറ്റ് പോലെയെന്നു സുര്‍ക്കി പരിശോധനയ്‌ക്കു സാക്ഷ്യം വഹിക്കുന്ന കേരളാ എന്‍ജിനീയര്‍മാരുടെ റിപ്പോര്‍ട്ട്. ഉന്നതാധികാര സമിതിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ അഞ്ചുമുതല്‍ സി.എസ്.എം.ആര്‍.എസ്, സി.ഡബ്ല്യൂ.പി.ആര്‍.എസ്. എന്നീ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന പരിശോധനയുടെ ഭാഗമായി അണക്കെട്ടിലെത്തിയ കേരളാ ഉദ്യോഗസ്‌ഥരാണ് ഡാമിനുള്‍ഭാഗം ചിതല്‍പ്പുറ്റിനു സമാനമാണെന്നു വിലയിരുത്തിയത്.
ഡാം പൊട്ടിയാല്‍ 12 മിനിറ്റിനകം ഡാമിന്റെ പകുതി ഭാഗം തകര്‍ന്നുവീഴും. ഡാമിനു തൊട്ടുതാഴെ 40.30 മീറ്ററിലും 36 കിലോമീറ്റര്‍ അകലെ ഇടുക്കി ജലാശയത്തിനു സമീപം 20.85 മീറ്ററിലും ജലം ഉയരും. വള്ളക്കടവില്‍ 26 ഉം വണ്ടിപ്പെരിയാറ്റില്‍ 31 ഉം ഇടുക്കി ഡാമില്‍ 128 ഉം മിനിട്ടിനകവും വെള്ളമെത്തും. ഡാം തകര്‍ന്നാല്‍ ഡാമിന്റെ 50 മീറ്റര്‍ താഴെ സമുദ്രനിരപ്പില്‍ നിന്ന് 866 മീറ്റര്‍ ഉയരത്തിലും വള്ളക്കടവില്‍ 854 മീറ്റര്‍ ഉയരത്തിലും ഇടുക്കിയില്‍ 767.26 മീറ്റര്‍ ഉയരത്തിലായിരിക്കും വെള്ളമെത്തുമെന്നു മന്ത്രി ജോസഫ് പറഞ്ഞു.
മുല്ലപ്പെരിയാര്‍ ഡാം മുതല്‍ ഇടുക്കി ഡാം വരെയുള്ള വെള്ളപ്പാച്ചിലിന്റെ വിവരം സംബന്ധിച്ച റിപ്പോര്‍ട്ടാണു നല്‍കിയിരിക്കുന്നത്. മുല്ലപ്പെരിയാര്‍, ഇടുക്കി, ചെറുതോണി, കുളമാവ്, ലോവര്‍പെരിയാര്‍, ഭൂതത്താന്‍കെട്ട് തുടങ്ങിയ അണ ക്കെട്ടുകളുടെ ഡാം ബ്രേക്ക് അനാലിസിസും ആ ഡാമുകളില്‍നിന്ന് അറബി കടലിലേക്കുള്ള വെള്ളപ്പാച്ചിലും സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കാനാണു റൂര്‍ക്കി ഐഐടിയോടു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.
അണക്കെട്ടിന്റെ മുകള്‍ഭാഗത്ത് ഇന്നലെവരെ 33 മീറ്റര്‍ തുരന്നു പരിശോധന നടത്തിയപ്പോള്‍ കിട്ടിയത് മെറ്റല്‍ മാത്രമാണ്. 50 മീറ്ററാണ് ഈ ഭാഗത്തു പരിശോധന നടത്തുന്നത്. ഗാലറിയില്‍ 2.2 മീറ്റര്‍ തുരന്നു പരിശോധന നടത്തിയപ്പോള്‍ കിട്ടിയതു പൊടിഞ്ഞ സുര്‍ക്കിയുടെ തരികളും സിമെന്റുമാണ്. 85 ശതമാനവും സുര്‍ക്കി മിശ്രിതത്തില്‍ നിര്‍മിച്ചിരിക്കുന്ന അണക്കെട്ട് എപ്പോള്‍ വേണമെങ്കിലും തകരാവുന്ന അവസ്‌ഥയിലാണെന്ന് ഉദ്യോഗസ്‌ഥര്‍ ചൂണ്ടിക്കാട്ടിയത് ഇതിന്റെ അടിസ്‌ഥാനത്തിലാണ്.
എണ്‍പതുകളില്‍ തമിഴ്‌നാട് നടത്തിയ കോണ്‍ക്രീറ്റിംഗിന്റെ ബലത്തിലാണ് ഇതുവരെ അണക്കെട്ട് നിലനിന്നത്. അണക്കെട്ടിന്റെ എട്ടു കിലോമീറ്റര്‍ ചുറ്റളവില്‍ റിക്‌ടര്‍ സ്‌കെയിലില്‍ നാലില്‍ കൂടുതല്‍ വരുന്ന ഭൂചലനങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അണക്കെട്ട് തകരാനുള്ള സാധ്യത കൂടുതലാണെന്നും ഉദ്യോഗസ്‌ഥര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല