1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2011

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു. 136 അടിയായാല്‍ വെള്ളം ഇടുക്കി അണക്കെട്ടിലേയ്ക്ക് ഒഴുകുമെന്നതിനാല്‍ കളക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തിര സാഹചര്യം നേരിടാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കളക്ടര്‍ അറിയിച്ചു.

അണക്കെട്ടിലെ ജലനിരപ്പ് 135 അടിയിലെത്തിയതോടെയാണ് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ജലനിരപ്പ് ഉയര്‍ന്നതിനെതുടര്‍ന്ന് സ്പില്‍വേയുടെ 1, 2 ഷട്ടറുകളിലൂടെ നീരൊഴുക്ക് തുടങ്ങി. ഇടുക്കിയില്‍ ഭൂചലനമുണ്ടായ പ്രദേശങ്ങള്‍ ഭൗമശാസ്ത്രസംഘം സന്ദര്‍ശിക്കുകയാണിപ്പോള്‍.

കനത്ത മഴയേത്തുടര്‍ന്നാണ് ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നത്. മുല്ലപ്പെരിയാര്‍ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടു മൂന്നു ഗ്രാമ പഞ്ചായത്തുകളില്‍ ഇന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, ഉപ്പുതറ പഞ്ചായത്തുകളിലാണു ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍

സ്പില്‍വേയുടെ 1,2 ഷട്ടറുകള്‍ വഴി ഇടുക്കി ഡാമിലേക്കു നീരൊഴുക്ക് ആരംഭിച്ചു. ഡാമിന്‍റെ അനുവദനീയമായ ജലനിരപ്പ് 136 അടിയാണ്. ഒരു ദിവസം കൊണ്ടു ഡാമിലെ ജലനിരപ്പ് നാലടി ഉയര്‍ന്നു. പെരിയാറിന്‍റെ തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നു കലക്റ്റര്‍ ദേവദാസ് മുന്നറിയിപ്പു നല്‍കി. മുല്ലപ്പെരിയാറിന്‍റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ഇരുപതു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നീരൊഴുക്കാണു ഡാമിലേക്ക് ഉണ്ടായിരിക്കുന്നത്.

15,332 ഘനയടി വെള്ളമാണ് ഓരോ സെക്കന്‍ഡിലും ഡാമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം, മുല്ലപ്പെരിയാര്‍ നിന്നു തമിഴ്നാട് ഓരോ സെക്കന്‍ഡിലും കൊണ്ടുപോകുന്ന ജലത്തിന്‍റെ അളവ് 1872 ഘനയടിയാണ്. നിരപ്പ് കുറയ്ക്കാന്‍ പരമാവധി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. എന്നാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാല്‍ ഈ ശ്രമം വിഫലമാകുകയാണ്. ജലനിരപ്പ് ഉയരുന്നതു പ്രദേശവാസികളെ ആശങ്കയിലാക്കി. നെടുങ്കണ്ടം, ഉപ്പുതറ എന്നിവിടങ്ങളില്‍ കണ്‍ട്രോള്‍ റൂം തുറന്നു.

അതേസമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലയില്‍ നാളെ എല്‍.ഡി.എഫും യു.ഡി.എഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണിവരെയാണ് ഹര്‍ത്താല്‍. മുല്ലപ്പെരിയാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ എല്‍.ഡി.എഫ് നാളെ അടിയന്തര യോഗം ചേരും.

മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇ.എസ് ബിജിമോള്‍ എം.എല്‍.എ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്തുമെന്ന് അറിയിച്ചു. വൈകിട്ട് ആറു മണി മുതലാണ് സമരം തുടങ്ങുന്നത്.

സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പാക്കുക,പുതിയ ഡാം നിര്‍മിക്കുക പുതിയ കരാര്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് നിരാഹാര സമരം. മുല്ലപ്പെരിയാര്‍ സമരപ്പന്തലിലാണ് എം.എല്‍.എയുടെ നിരാഹാര സമരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.