മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ പേരില്‍ തമിഴ്നാട്ടില്‍ മലയാളികള്‍ക്കും മലയാളികളുടെ സ്ഥാപനങ്ങള്‍ക്കും നേരേയുള്ള അക്രമങ്ങള്‍ തുടരുന്നു. അക്രമങ്ങളില്‍ ഭയന്നു പല മലയാളി കുടുംബങ്ങളും നാട്ടിലേക്കു മടങ്ങാന്‍ തുടങ്ങി.
ഞായറാഴ്ച അര്‍ധരാത്രി തേനിയില്‍ മലയാളിയായ ഡ്രൈവറുടെ ചെവി അക്രമികള്‍ മുറിച്ചു. തേനിയില്‍ നിന്നും കേരളത്തിലേയ്ക്ക്് പച്ചക്കറിയിലേയ്ക്ക് വരുകയായിരുന്ന ലോറിയുടെ ഡ്രൈവറെയാണ് ഒരുകൂട്ടമാളുകള്‍ ആയുധങ്ങളുമായി എത്തി ആക്രമിച്ചത്. മര്‍ദ്ദനത്തില്‍ ഇയാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
കൊല്ലം പാളയത്തോടുള്ള പച്ചക്കറി വ്യാപാരകേന്ദ്രത്തിലെ ലോറി ഡ്രൈവറായ ഇടുക്കി ശാന്തന്‍പാറ ഉടുമ്പന്‍ചോല സ്വദേശി അയ്യപ്പനാണ് ആക്രമണത്തിനിരയായത്. ചെവി കഷണങ്ങളായി മുറിഞ്ഞ നിലയില്‍ ഇദ്ദേഹത്തെ കൊല്ലം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടമുണ്ടായ ഉടനെ തേനിയിലെ ഒരു ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും മുല്ലപ്പെരിയാര്‍ പ്രശനമാണ് വിഷയമെന്നറിഞ്ഞതോടെ ചികിത്സ നിഷേധിച്ചുവന്ന് അയ്യപ്പന്‍ ആരോപിച്ചിട്ടുണ്ട്. അക്രമികളോട് തമിഴില്‍ സംസാരിച്ചിട്ടും ഫലമുണ്ടായില്ലെന്നും ഇദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം രാത്രി കൂരോപ്പട സ്വദേശി തോമസിന്റെ ഗൂഡല്ലൂരിലുള്ള കയര്‍ഫാക്ടറിയില്‍ സൂക്ഷിച്ചിരുന്ന മൂന്നു ലക്ഷത്തോളം രൂപയുടെ ചകിരി തീയിട്ടു നശിപ്പിച്ചു. ഫാക്ടറിയുടെ സമീപത്തുണ്ടായിരുന്ന രണ്ടു ലോറിയും ഒരു ട്രാക്ടറും നശിപ്പിച്ചിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്നു തോമസും കുടുംബവും കുമളിയിലെ ഒന്നാം മൈലില്‍ ബന്ധുവിന്റെ വീട്ടിലേക്കു താമസം മാറ്റി. മലയാളിയുടെ ഉടമസ്ഥതയിലുള്ള വേപ്പിന്‍പിണ്ണാക്ക് ഫാക്ടറിക്കു നേരേ ഇന്നലെ രാത്രിയിലുണ്ടായ ആക്രമണത്തില്‍ 40 ലോഡ് പിണ്ണാക്ക് തീയിട്ടു നശിപ്പിച്ചതായി അറിയുന്നു.
നിരവധി ഫാമുകള്‍ക്കും കൃഷിത്തോട്ടങ്ങള്‍ക്കും മലയാളികളുടെ കടകള്‍ക്കു നേരെയും ആക്രമണമുണ്ടായി. സേലത്തെ മഹീന്ദ്ര എന്‍ജിനിയറിംഗ് കോളജില്‍ പഠിക്കുന്ന മൂന്നു മലയാളി വിദ്യാര്‍ഥികള്‍ക്കു നേരേ ശനിയാഴ്ച രാത്രിആക്രമണമുണ്ടായി. ഇവര്‍ ഭക്ഷണം കഴിക്കാനെത്തിയ ഹോട്ടലില്‍ ഉടമയുടെ നേതൃത്വത്തിലാണു മര്‍ദനം നടന്നത്. ചെങ്കോട്ട വഴിയും വാളയാര്‍ ചെക്ക്പോസ്റ്റു വഴിയുമാണു മലയാളികള്‍ നാട്ടിലെത്തുന്നത്. മിക്ക കോളജുകളും ഹോസ്റ്റലുകളും അടച്ചു. വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ നാട്ടിലേക്കു മടങ്ങാനൊരുങ്ങുകയാണ്.
ഇന്നലെ ഇരുപതിനായിരത്തോളം കര്‍ഷകരാണു റാലിയുമായി കുമളി ചെക്ക്പോസ്റ്റിലെത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. ഉത്തമപാളയം, ഹനുബന്ധപട്ടി, കേവിലാപുരം, അമ്മപട്ടി, രായപ്പട്ടി, കെകെ പട്ടി, നാറാണത്തുപട്ടി എന്നിവിടങ്ങളില്‍നിന്നു ലോറിയിലും ട്രാക്ടറിലുമാണു കര്‍ഷകരെത്തിയത്. മുല്ലപ്പെരിയാറില്‍ ഒരു കാരണവശാലും പുതിയ ഡാം പണിയാന്‍ അനുവദിക്കില്ലെന്നാണു കര്‍ഷകര്‍ ആക്രോശിച്ചത്.
കര്‍ഷകര്‍ സംഘടിച്ചതറിഞ്ഞ് സേലം മുതലുള്ള പോലീസുകാരെ അടിയന്തരമായി തമിഴ്നാട് ലോവര്‍ ക്യാമ്പിലേക്ക് അയച്ചു. മുല്ലപ്പെരിയാറില്‍നിന്നുള്ള ജലം ഉപയോഗിച്ചു കൃഷിചെയ്യുന്ന കര്‍ഷകരുടെ വിവിധ ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണു സമരം നടക്കുന്നത്. ഇന്ന് ശിവഗംഗ, രാമനാഥപുരം ജില്ലകളിലെ കര്‍ഷകരുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും.
മലയാളികള്‍ക്കു നേരേയുണ്ടായ അക്രമത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യചാനലില്‍ മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന ഇന്നലെ മുഴുവന്‍ സംപ്രഷണം ചെയ്തു. തമിഴ് മക്കളോടുള്ള മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന എന്നു തുടങ്ങുന്ന സന്ദേശത്തില്‍ കേരളമക്കളുമായി ഒരുവിധത്തിലുള്ള സ്പര്‍ധയും പാടില്ലെന്നും മലയാളികള്‍ക്കു നേരേയും അവരുടെ സ്ഥാപനങ്ങള്‍ക്കു നേരേയും ഒരുവിധത്തിലുള്ള ആക്രമണവും പാടില്ലെന്നുമാണു സന്ദേശത്തില്‍ പറഞ്ഞത്. എന്നാല്‍, സന്ദേശത്തിന്റെ അവസാനത്തില്‍ മുല്ലപ്പെരിയാറിനുമേലുള്ള തമിഴ്നാടിനും തമിഴ്മക്കള്‍ക്കുമുള്ള അവകാശം ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്നും മുഖ്യമന്ത്രി പറയുന്നുണ്ട്.
ഡാം പണിയാന്‍ ജയലളിതയുടെ അനുമതി വേണ്ടന്ന കേരളത്തിലെ മന്ത്രിമാരുടെയും നേതാക്കന്‍മാരുടെയും പ്രസ്താവനയ്ക്കെതിരേ ഇന്നലെ തമിഴ്നാട്ടില്‍ വന്‍പ്രതിഷേധമാണ് ഉയര്‍ന്നത്. തമിഴ്നാട് മന്ത്രി രാമലിംഗം, തമിഴ് സിനിമാ സംവിധായകന്‍ സീമാന്‍ എന്നിവര്‍ കേരളത്തിലെ മന്ത്രിമാരെയും നേതാക്കളെയും കടുത്ത ഭാഷയിലാണു വിമര്‍ശിച്ചത്.
മുല്ലപ്പെരിയാറില്‍ നടക്കുന്ന സമരത്തിനെതിരേ ഇന്നലെയും തമിഴ്നാട്ടില്‍ വ്യാപകമായി സമരപരിപാടികള്‍ നടന്നു. വളരെയധികം മലയാളികള്‍ താമസിക്കുകയും ജോലിയെടുക്കുകയും ചെയ്യുന്ന തിരിപ്പൂര്‍ ടൌണില്‍ കടകളടപ്പിച്ചു ഹര്‍ത്താല്‍ ആചരിച്ചു. സിപിഎം തമിഴ്നാട് ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ തേനിയിലെ ജില്ലാ ആസ്ഥാനത്ത് ഏകദിന ഉപവാസവും സംഘടിപ്പിച്ചു. പ്രമുഖ രാഷ്ട്രീയകക്ഷിയായ ഡിഎംകെയുടെ ആഭിമുഖ്യത്തില്‍ ഇന്നു സംസ്ഥാനമൊട്ടാകെ ഉപവാസസമരവും 15-നു തേനി ഉള്‍പ്പെടെയുള്ള അഞ്ചു ജില്ലകളില്‍ മനുഷ്യച്ചങ്ങലയും സംഘടിപ്പിക്കുന്നുണ്ട്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് ഗവണ്‍മെന്റ് പൂര്‍ണമായും പരാജയപ്പെട്ടെന്നും ഇതിനെതിരേ ഡിഎംകെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും കരുണാനിധി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഉപവാസവും മനുഷ്യചങ്ങലയും. ഇതിനെ പ്രതിരോധിക്കാന്‍ ജയലളിത പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള ഒരുക്കത്തിലാണ്.
അതിര്‍ത്തി ഗ്രാമങ്ങളില്‍ സംഘര്‍ഷം നടക്കുമ്പോഴും ചെന്നൈ ഉള്‍പ്പെടെയുള്ള മറ്റു പ്രദേശങ്ങള്‍ ശാന്തമാണ്. ഇതിനിടെ തമിഴ് വ്യാപാരിസംഘടനകള്‍ മലയാളികളെ ആക്രമിക്കരുതെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. പുതിയ ഡാം പണിതാല്‍ തമിഴ്നാടിന് ജലം ലഭിക്കില്ലെന്നും തമിഴ്നാടിന്റെ അധീനതയിലുള്ള സ്ഥലം കേരളത്തിനു വിട്ടുകൊടുക്കേണ്ടി വരുമെന്നുമുള്ള വ്യാപക പ്രചാരണമാണു നാട്ടുകാരുടെ ഇടയില്‍ തമിഴ്നാട്ടിലെ രാഷ്ട്രീയകക്ഷികളും കര്‍ഷക സംഘടനകളും അഴിച്ചുവിട്ടിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല