1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 3, 2012

മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ കേരളത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച തമിഴ്നാടിന്റെ മുഖം നാമെല്ലാം കണ്ടതാണ് അതേ തമിഴ്നാട് ഇപ്പോള്‍ കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട സമരകോലാഹലങ്ങള്‍ ഏതാണ്ട് അവസാനിക്കുമ്പോള്‍ അതിരുവിട്ട അവകാശവാദവുമായി കേരളത്തിന്‌ എതിരെയും മറ്റു സംസ്ഥാനങ്ങള്‍ക്ക്‌ എതിരെയും വീണ്ടും ഇറങ്ങിയിരിക്കുകയാണ്. ഏറെ ഒച്ചപ്പാടുകളുയര്‍ത്തിയ കൂടംകുളം ആണവനിലയത്തിന്റെ പ്രവര്‍ത്തനത്തിനു തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പരസ്യപിന്തുണയുണ്ട്. വൈദ്യുതി ക്ഷാമത്തിന്റെ രൂക്ഷത നന്നായി അനുഭവിക്കുന്ന സംസ്ഥാനമാണു തമിഴ്നാട്. ലോഡ് ഷെഡിംഗും പവര്‍കട്ടുമൊക്കെ അവിടെ സാധാരണ കാര്യം മാത്രം. ഈ സാഹചര്യത്തില്‍ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റാന്‍ ആണവനിലയം അനിവാര്യമാണെന്നു തമിഴ്നാട്ടിലെ രാഷ്ട്രീയക്കാര്‍ക്ക് നന്നായിട്ട് അറിയാം.

ഗുരുതരമായ വൈദ്യുതി പ്രതിസന്ധി നേരിടുന്ന കേരളം ഊര്‍ജാവശ്യങ്ങള്‍ക്കായി നെട്ടോട്ടമോടുകയാണിപ്പോള്‍. അധികവില നല്കിയാല്‍പ്പോലും വൈദ്യുതി കിട്ടാത്ത അവസ്ഥയാണ്. ലോഡ് ഷെഡിംഗിനു പുറമേ വൈദ്യുതിനിരക്കുവര്‍ധനയും കേരളത്തിലെ ഉപയോക്താവിനെ തുറിച്ചുനോക്കുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ചുള്ള ആശങ്ക വളര്‍ന്നപ്പോള്‍ ഇത്തവണ ഇടുക്കി ഡാമില്‍നിന്നു കൂടുതല്‍ വെള്ളം ഒഴുക്കിക്കളയേണ്ടിവന്നു. അധികവൈദ്യുതി ഉത്പാദിപ്പിക്കാനാണിതുപയോഗിച്ചതെങ്കിലും പിന്നീട് വൈദ്യുതിക്ഷാമം രൂക്ഷമാകുന്നതിന് ഈ അധികോത്പാദനവും കാരണമായി. ഇനി അടുത്ത കാലവര്‍ഷംവരെ കാത്തിരുന്നാലേ അണക്കെട്ടില്‍ ആവശ്യത്തിനു വെള്ളം കിട്ടൂ. മുല്ലപ്പെരിയാര്‍ ഭീഷണി നിലനില്ക്കുന്നതിനാല്‍ ഇനി ഇടുക്കി അണക്കെട്ടില്‍ പഴയതുപോലെ ജലം സംഭരിച്ചുനിര്‍ത്താനാവുമോയെന്നും സംശയമുണ്ട്.

കേരളത്തെ പോലെയല്ലല്ലോ തമിഴ്നാടിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ അവിടത്തെ എല്ലാ രാഷ്ട്രീയക്കാരും ഒറ്റക്കെട്ടാണ്. സ്വന്തം സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സാധിച്ചെടുക്കാന്‍ ഏതറ്റംവരെയും പോകാന്‍ അവിടത്തെ ഓരോ രാഷ്ട്രീയനേതാവും തയാറാണ്. വെള്ളമായാലും വൈദ്യുതിയായാലും കേന്ദ്ര പദ്ധതികളായാലും കിട്ടാനുള്ളതും അതിനപ്പുറവും അവര്‍ കണക്കുപറഞ്ഞു വാങ്ങിയെടുക്കും. തിരിച്ചുകൊടുക്കുന്ന കാര്യത്തിലോ പങ്കുവയ്ക്കുന്ന കാര്യത്തിലോ ഈ ഉത്സാഹം കാണാറില്ല. കൂടംകുളം നിലയത്തിന്റെ കാര്യം വന്നപ്പോള്‍ അക്കാര്യം കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. കൂടംകുളം ആണവനിലയത്തില്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ വൈദ്യുതിയും തമിഴ്നാടിനുതന്നെ നല്കണമെന്നാണു മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടിരിക്കുന്നത്. ഓന്തിനെ പോലെ നിറം മാറുന്ന തമിഴ്‌നാടിന്റെ പുതിയമുഖം!

ഇക്കാര്യം കാണിച്ച് അവര്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനു കത്തയച്ചുകഴിഞ്ഞു. കൂടംകുളം പദ്ധതിയുടെ രണ്ടു യൂണിറ്റില്‍നിന്നു ആദ്യഘട്ടത്തില്‍ ഉത്പാദിപ്പിക്കുന്ന രണ്ടായിരം മെഗാവാട്ട് വൈദ്യുതിയില്‍ 925 മെഗാവാട്ടിനാണു തമിഴ്നാടിന് അര്‍ഹതയുള്ളത്. ബാക്കി കേന്ദ്ര പൂളിലേക്കാണ്. ഇതില്‍നിന്നാണു കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കു വിഹിതം കിട്ടേണ്ടത്. കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ തമിഴ്നാടിനുള്ള വൈഭവം പല അവസരങ്ങളിലും ബോധ്യമായിട്ടുള്ളതാണ്. അതിന്റെ തിക്തഫലങ്ങള്‍ അയല്‍സംസ്ഥാനങ്ങളാവും അനുഭവിക്കേണ്ടിവരുക. കൂടംകുളം നിലയത്തില്‍നിന്നു കേരളത്തിന് ഇരുനൂറു മെഗാവാട്ടില്‍ താഴെ മാത്രം വൈദ്യുതിയാണു നീക്കിവയ്ക്കുന്നതായി പറഞ്ഞിട്ടുള്ളത്. അതു കേരളത്തിലേക്കെത്തിക്കുന്നതിനാവശ്യമായ വൈദ്യുതിലൈന്‍ നമുക്കില്ല എന്നതു മറ്റൊരു കാര്യം.

ദുര്‍ബലമായ മുല്ലപ്പെരിയാര്‍ ഡാമിനു പകരം പുതിയ ഡാം പണിയണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് നിരന്തരമായി തടസപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കോടതി വ്യവഹാരങ്ങളിലൂടെയും രാഷ്ട്രീയ സമ്മര്‍ദങ്ങളിലൂടെയും മുല്ലപ്പെരിയാര്‍ അണക്കെട്ടിനു തകര്‍ച്ചാഭീഷണിയില്ലെന്നു സ്ഥാപിക്കാന്‍ സകല അടവും പയറ്റുന്ന തമിഴ്നാട് കൂടംകുളം നിലയത്തില്‍നിന്നുള്ള വൈദ്യുതി മറ്റാര്‍ക്കും കൊടുക്കാതെ തങ്ങള്‍ക്കു മാത്രമാക്കാന്‍ ശ്രമിക്കുന്നതിന്റെ പിന്നില്‍ എന്തു ന്യായമാണുള്ളത്?

ഇത് ഇന്ത്യന്‍ ഫെഡറല്‍ വ്യവസ്ഥയോടുതന്നെയുള്ള വെല്ലുവിളിയാണ്. തങ്ങള്‍ക്കു ഗുണകരമായ കാര്യങ്ങളില്‍ മാത്രം ഫെഡറല്‍ വ്യവസ്ഥ ഉയര്‍ത്തിപ്പിടിക്കുകയും തങ്ങള്‍ക്കു ഹിതകരമല്ലാത്ത കാര്യം വരുമ്പോള്‍ അതു കാറ്റില്‍ പറത്തുകയും ചെയ്യുന്ന തമിഴ്നാട് മോഡല്‍ രാജ്യത്തിന്റെ പൊതുധാരയ്ക്കു ഭീഷണിയാണ്. മറ്റു സംസ്ഥാനങ്ങളും ഇത്തരമൊരു നിലപാടു സ്വീകരിച്ചാല്‍ എന്താവും സ്ഥിതി? കൂടംകുളം നിലയത്തിലെ വൈദ്യുതി പങ്കുവയ്ക്കല്‍ സംബന്ധിച്ചു തമിഴ്നാട് മുഖ്യമന്ത്രി ജയലളിത സ്വീകരിച്ചിരിക്കുന്ന നിലപാട് ദേശീയ താത്പര്യങ്ങള്‍ക്കു വിരുദ്ധമാണ്.

കൂടംകുളം നിലയം നിര്‍മിച്ചതു തമിഴ്നാടിന്റെ പണമുപയോഗിച്ചല്ല. റഷ്യയുടെ സഹകരണത്തോടെ കേന്ദ്രസര്‍ക്കാരാണിതിനു പണം മുടക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ കൂടംകുളം നിലയം ദേശീയസ്വത്താണ്. നിലയം പ്രവര്‍ത്തനക്ഷമമാക്കുന്നതിനെതിരേ ശക്തമായ പ്രക്ഷോഭങ്ങളുയര്‍ന്നപ്പോള്‍ ആദ്യമൊക്കെ പ്രക്ഷോഭകരോടൊപ്പം നിന്ന ദ്രാവിഡ രാഷ്ട്രീയക്കാര്‍ പിന്നീടു കളം മാറി. നിലയം യാഥാര്‍ഥ്യമായപ്പോള്‍ അതിന്റെ പ്രയോജനം തങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തണമെന്നാവശ്യപ്പെടുന്ന തമിഴ്നാട് ഇന്ത്യന്‍ ദേശീയതയുടെ കടയ്ക്കലാണു കത്തിവയ്ക്കാന്‍ ശ്രമിക്കുന്നത്. ഇതു വകവച്ചുകൊടുക്കാനാവില്ല.

ജയലളിതയുടെയും മമതയുടെയുമൊക്കെ സമ്മര്‍ദങ്ങള്‍ക്കു രാഷ്ട്രീയ താത്പര്യങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ വഴങ്ങാറുണ്ട്. പാര്‍ലമെന്റില്‍ കൂടുതല്‍ അംഗങ്ങളുള്ള പ്രാദേശിക പാര്‍ട്ടികളെ പാട്ടിലാക്കേണ്ടത് ഭരണം നിലനിര്‍ത്താന്‍ ആവശ്യമാണെങ്കിലും അതിന്റെ പേരില്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്കു ക്ഷതമുണ്ടാക്കുന്ന കാര്യങ്ങള്‍ അനുവദിക്കാനാവില്ല. കൂടംകുളം നിലയത്തിന്റെ പേരില്‍ ജയലളിത ഉയര്‍ത്തുന്ന അവകാശവാദങ്ങള്‍ അനുവദിച്ചുകൊടുത്താല്‍ തികച്ചും അന്യായമായ ഒരു പിടിവാശിക്കുള്ള കീഴടങ്ങലായിരിക്കും അത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.