സ്വന്തം ലേഖകന്‍: മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ ജൂലായ് 30 ന് നടപ്പാക്കിയേക്കുമെന്ന് സൂചന. യാക്കൂബ് മെമന്റെ വധശിക്ഷ ജൂലായ് 30 നു തന്നെ നടപ്പാക്കാന്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ നീക്കം തുടങ്ങി.
വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യാക്കൂബ് മെമന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ജൂലായ് 21 ന് പരിഗണിക്കും. ക്യൂറേറ്റീവ് പെറ്റീഷന്‍ സുപ്രീം കോടതി തള്ളിയാല്‍ മെമനെ പാര്‍പ്പിച്ചിട്ടുള്ള നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍വച്ച് വധശിക്ഷ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സ്‌ഫോടനക്കേസില്‍ ഗൂഢാലോചന അടക്കമുള്ളവയില്‍ മെമന്റെ പങ്ക് തെളിയിക്കപ്പെട്ടതിനെത്തുടര്‍ന്ന് 2007 ല്‍ മുംബൈയിലെ പ്രത്യേക ടാഡാ കോടതിയാണ് വധശിക്ഷ വിധിച്ചത്. ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി ടൈഗര്‍ മെമന്റെ സഹോദരനായ യാക്കൂബ് മെമന്റെ വധശിക്ഷ ഒഴിവാക്കാനുള്ള അപ്പീല്‍ ബോംബെ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു.
തുടര്‍ന്ന് ദയാഹര്‍ജി രാഷ്ട്രപതിയുടെ ഓഫീസും തള്ളിക്കളഞ്ഞു. 1993 മാര്‍ച്ച് 12 ന് നടന്ന മുംബൈ സ്‌ഫോടന പരമ്പരയില്‍ 257 പേരാണ് മരിച്ചത്. 700 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല