മുംബൈ ഭീകരാക്രമണം അന്വേഷിക്കുന്നതിനുള്ള ജുഡീഷ്യല്‍ കമ്മീഷനൊപ്പം ഇന്ത്യ സന്ദര്‍ശിക്കാന്‍ തയ്യാറാണെന്ന് പ്രതിഭാഗം അഭിഭാഷകര്‍ പാകിസ്താനിലെ ഭീകരവിരുദ്ധകോടതിയെ അറിയിച്ചു. മുബൈ സ്‌ഫോടനത്തിന്റെ പ്രധാന സൂത്രധാരനെന്ന് സംശയിക്കുന്ന ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ സാകിര്‍ ഉര്‍ റഹ്മാന്‍ ലഖ്‌വിയുടെ അഭിഭാഷകന്‍ ഖ്വാജ സുല്‍ത്താനാണ് ഇന്ത്യ സന്ദര്‍ശിക്കാനുള്ള സന്നദ്ധത അറിയിച്ചത്.
സുരക്ഷാപ്രശ്‌നം കണക്കിലെടുത്ത് ഇന്ത്യ സന്ദര്‍ശിക്കുന്ന കമ്മീഷനില്‍ ഭാഗഭാക്കാകുകയില്ലെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകര്‍ നേരത്തേ പറഞ്ഞിരുന്നത്. മുംബൈ സ്‌ഫോടനക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടുള്ള പ്രതി അജ്മല്‍ കസബിന്റെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയ ഇന്ത്യന്‍ ജഡ്ജിയെക്കണ്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ താത്പര്യമുണ്ടെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ ഖ്വാജ സുല്‍ത്താന്‍ കോടതിയില്‍ പറഞ്ഞത്.
അതിനിടെ ജുഡീഷ്യല്‍ കമ്മീഷന്‍ സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. അതിന്റെ കോപ്പി ഇന്ത്യയ്ക്ക് നല്‍കണമെന്ന് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. അടുത്ത വിചാരണ നടക്കുന്ന ഡിസംബര്‍ 17 ന് ജുഡീഷ്യല്‍ കമ്മീഷന്‍ അംഗമായ മുഴുവന്‍ പേരുടെയും യാത്രാരേഖകളും പാസ്‌പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കണമെന്നും ജഡ്ജി ഷാഹിദ് റഫീഖ് ഉത്തരവിട്ടു.
മുംബൈയിലെ അന്വേഷണോദ്യോഗസ്ഥര്‍, ഭീകരരുടെയും ആക്രമണത്തില്‍ മരിച്ചവരുടെയും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ തുടങ്ങിയവരെയുംകണ്ട് മൊഴിയെടുക്കാനാണ് കമ്മീഷന്‍ ഇന്ത്യയിലെത്തുന്നത്. മറ്റൊരു സംഭവത്തില്‍, കുറ്റാരോപിതരായ ഏഴ് പ്രതികളുടെയും ശബ്ദതെളിവുകള്‍ ശേഖരിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂട്ടര്‍മാര്‍ വീണ്ടും പാക് കോടതിയില്‍ അപേക്ഷ നല്‍കി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല