സ്വന്തം ലേഖകന്‍: മുംബൈയിലെ അനധികൃത കോള്‍ സെന്ററുകള്‍ അമേരിക്കക്കാരില്‍ നിന്ന് തട്ടിയത് 500 കോടിയോളം രൂപ. മീരാ റോഡിലെ അനധികൃത കോള്‍സെന്ററുകള്‍ ഒരു വര്‍ഷംകൊണ്ട് 6,500 അമേരിക്കക്കാരില്‍നിന്നായി 500 കോടിയോളം രൂപ തട്ടിയെടുത്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 73 പേരെ പോലീസ് അറസ്റ്റുചെയ്തു. അറുന്നൂറോളം ജീവനക്കാരെ ചോദ്യം ചെയ്യുന്നുമുണ്ട്.
അനധികൃത കോള്‍ സെന്ററുകളിലിരുന്ന് അമേരിക്കക്കാരുടെ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയ സംഘം ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടന്ന റെയ്ഡിലാണ് പിടിയിലായത്. 582 ഹാര്‍ഡ് ഡിസ്‌കുകള്‍, സെര്‍വറുകള്‍ തുടങ്ങി ഒരു കോടി രൂപ വിലവരുന്ന ഉപകരണങ്ങള്‍ ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.
ഹരി ഓം ഐ.ടി. പാര്‍ക്ക്, യൂണിവേഴ്‌സല്‍ ഔട്ട്‌സോഴ്‌സിങ് സര്‍വീസസ്, ഓസ്വാള്‍ ഹൗസ് എന്നിവയടക്കം ഒമ്പത് കോള്‍ സെന്ററുകളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവയുടെ ഉടമസ്ഥരെ പിടികൂടാനായില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ക്കെതിരെ വഞ്ചന, പിടിച്ചുപറി കുറ്റങ്ങള്‍ക്കുപുറമേ ഐ.ടി. നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയാണ് കേസെടുത്തിട്ടുള്ളതെന്ന് താനെ പോലീസ് കമ്മിഷണര്‍ പരംബീര്‍ സിങ് അറിയിച്ചു.
അമേരിക്കയിലെ ആദായനികുതിവകുപ്പായ ഇന്റേണല്‍ റവന്യു സര്‍വീസി (ഐ.ആര്‍.എസ്) ന്റെ ഉദ്യോഗസ്ഥര്‍ ചമഞ്ഞാണ് കോള്‍ സെന്റര്‍ ജീവനക്കാര്‍ അമേരിക്കക്കാരെ വിളിച്ചിരുന്നത്. ആദായ നികുതിയടച്ചതില്‍ ക്രമക്കേടു കണ്ടെത്തിയിട്ടുണ്ടെന്നും റെയ്ഡും കേസും ഒഴിവാക്കണമെങ്കില്‍ പണം നല്‍കണമെന്നും ഭീഷണിപ്പെടുത്തും. വിലപേശലിനൊടുവില്‍ പണംവാങ്ങി ഒത്തുതീര്‍പ്പിലെത്തും.
അമേരിക്കയില്‍ താമസിക്കുന്ന ചിലരുടെ അക്കൗണ്ടിലേക്കാണ് ഈ പണം ചെല്ലുന്നത്. അവരുടെ കമ്മിഷന്‍കഴിച്ചുള്ള പണം ഹവാല ഇടപാടുവഴി ഇന്ത്യയിലെത്തിക്കും. ദിവസം ശരാശരി ഒന്നരക്കോടി രൂപ ഇങ്ങനെ കിട്ടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. തട്ടിപ്പ് തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി. ആ കണക്കുവെച്ചാണ് മൊത്തം 500 കോടിയുടെ തട്ടിപ്പ് നടന്നെന്ന് കണക്കാക്കുന്നത്.
തട്ടിപ്പിനിരയായവരാരും ഇതുവരെ പരാതിപ്പെട്ടിട്ടില്ലെന്നാണ് അറിയുന്നത്. അതൃപ്തനായ ഒരു ജീവനക്കാരന്‍ നല്‍കിയ സൂചനയില്‍നിന്നാണ് പോലീസിന് വിവരംകിട്ടുന്നത്. ആഴ്ചകളോളം നിരീക്ഷണംനടത്തിയ ശേഷമായിരുന്നു റെയ്ഡ്. ഇതിനുമുമ്പ് രണ്ടുതവണ റെയ്ഡ് നടത്താന്‍ ഒരുങ്ങിയതാണെങ്കിലും അവസാനനിമിഷം മാറ്റിവെക്കുകയായിരുന്നെന്ന് ജോയിന്റ് പോലീസ് കമ്മിഷണര്‍ അശുതോഷ് ധുംബ്രേ പറഞ്ഞു.
തട്ടിപ്പ് പുറത്തറിഞ്ഞതിനെത്തുടര്‍ന്ന് യു.എസ്. ഫെഡറല്‍ അതോറിറ്റി സംഭവത്തിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ വേറെയും തട്ടിപ്പുനടത്തിയിട്ടുണ്ടാകാമെന്നും യു.കെ.യിലും ഓസ്‌ട്രേലിയയിലുമുള്ളവരും കബളിപ്പിക്കപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും പോലീസ് കരുതുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല