![](https://www.nrimalayalee.com/wp-content/uploads/2021/10/Aryan-Khan-NCB-Drug-Raid-.jpg)
സ്വന്തം ലേഖകൻ: പ്രതിക് ഗാബ എന്ന സുഹൃത്തിന്റെ ക്ഷണപ്രകാരമാണ് ആഡംബരക്കപ്പലിലെ വിരുന്നില്‍ പങ്കെടുക്കാന്‍ പോയതെന്ന് ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകന് ആര്യന് കോടതിയില്‍. ബോളിവുഡില്‍നിന്നുള്ള ആളായതുകൊണ്ട് പാര്‍ട്ടിയുടെ ഗ്ലാമര്‍ കൂട്ടാന്‍ വേണ്ടി ക്ഷണിച്ചതാകാമെന്നും ആര്യന് പറഞ്ഞു. മൊബൈല്‍ ചാറ്റിന്റെ പേരിലാണ് നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും അഭിഭാഷകന് മുഖേന ആര്യന് അറിയിച്ചു.
ആര്യനുള്‍പ്പെടെയുള്ള എട്ട് പ്രതികളേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പ്രതികളെ വിടാനാണ് കോടതി ഉത്തരവ്. ഞായറാഴ്ച പുലര്‍ച്ചെയാണ് ആര്യന് ഉള്‍പ്പെടെയുള്ളവർ അറസ്റ്റിലായത്. കേസിന്റെ പ്രാധാന്യം, ചോദ്യം ചെയ്യല്‍, തെളിവ് ശേഖരിക്കല്‍ എന്നിവയുടെ പ്രാധാന്യം കോടതിയില്‍ എന്‍.സി.ബി വാദിച്ചു. ഇത് അംഗീകരിച്ചാണ് കസ്റ്റഡി നീട്ടാന്‍ കോടതി ഉത്തരവിട്ടത്. ആര്യന് ഖാന് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരേ നിര്‍ണായകമായ കണ്ടെത്തലുകള്‍ എന്‍.സി.ബി നടത്തിയിരുന്നു.
അതേസമയം കസ്റ്റഡിയില്‍ വേണമെന്ന എന്‍.സി.ബിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. എന്‍.സി.ബി കസ്റ്റഡിയില്‍ കൂടുതല്‍ ചോദ്യംചെയ്യലുകള്‍ ആവശ്യമില്ലെന്ന് പറഞ്ഞ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. അതേസമയം ജാമ്യം കിട്ടാനുള്ള നീക്കങ്ങള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ തന്നെ കുറച്ചുകൂടി എളുപ്പത്തില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ആര്യന് ഖാന്റെ അഭിഭാഷകന് കഴിയും.
തെറ്റ് ചെയ്തിട്ടില്ലെന്നും ആര്യന് ക്ഷണിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ആര്യന്റെ അഭിഭാഷകന് വാദിച്ചുവെങ്കിലും ഇത് അംഗീകരിച്ചില്ല. ആര്യന്റെ ഫോണ്‍ അടക്കം ഫോറന്‍സിക് പരിശോധനയ്ക്ക് എന്‍.സി.ബി അയച്ചിരുന്നു. കേസില്‍ ഇതുവരെ 17 പേരെയാണ് എന്‍സിബി അറസ്റ്റ് ചെയ്തത്. ഇവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനുള്ള നീക്കങ്ങളാണ് എന്‍.സി.ബി ഇപ്പോള്‍ നടത്തുന്നത്.
റെയ്ഡിനിടെ ആര്യനില്‍നിന്ന് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തിട്ടില്ലെന്ന് എന്‍സിബിയും കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആര്യന്റെ ഫോണിലെ ചാറ്റുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന നിലപാടാണ് എന്‍സിബി സ്വീകരിച്ചത്. ഇത് അംഗീകാരിക്കാതിരുന്ന കോടതി കസ്റ്റഡി നീട്ടാനാവില്ലെന്നും അറിയിക്കുകയായിരുന്നു. അര്‍ബാസില്‍നിന്നു പിടിച്ച ആറ് ഗ്രാം ചരസില്‍നിന്ന് മുന്നോട്ടുപോകാന്‍ എന്‍സിബിക്കു കഴിഞ്ഞിട്ടില്ലെന്ന് ആര്യനു വേണ്ടി അഭിഭാഷകന് വാദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല