റാഫി മെക്കാര്‍ട്ടിന്‍ ടീമിന്‍റെ തിരക്കഥയ്ക്ക് പൊന്നുംവിലയുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. പഞ്ചാബി ഹൌസും തിളക്കവും തെങ്കാശിപ്പട്ടണവുമൊക്കെ പണംവാരിപ്പടങ്ങളായി മാറിയ കാലം. അതിന് ശേഷം ഹലോ വരെ അവരുടെ ചിത്രങ്ങള്‍ ബോക്സോഫീസില്‍ നന്നായി പോയി. എന്നാല്‍ റോമിയോ, ലൌ ഇന്‍ സിംഗപ്പോര്‍ എന്നിവ തിരിച്ചടിയായി.
റാഫിക്കും മെക്കാര്‍ട്ടിനുമിടയില്‍ ചില പ്രശ്നങ്ങളുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ഇരുവരും പിരിഞ്ഞതായും വാര്‍ത്തകള്‍ വരുന്നു. എന്തായാലും ഒരു പൃഥ്വിരാജ് പ്രൊജക്ട് വഴിയാധാരമായിട്ടുണ്ട് എന്നാണ് പുതിയ വിവരം.
കഴിഞ്ഞ ദിവസം ചിത്രീകരണം തുടങ്ങുവാനിരുന്ന പൃഥ്വിരാജ് ചിത്രം ‘മുംബൈ ദോസ്ത്’ മാറ്റിവച്ചു. റാഫി മെക്കാര്‍ട്ടിന്‍റെ തിരക്കഥയായിരുന്നു ചിത്രത്തിന്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതാണ്. വിദ്യാസാഗറിന്‍റെ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തു. ഷൂട്ടിംഗ് ലൊക്കേഷനുകള്‍ ബുക്ക് ചെയ്തു,. ഷെഡ്യൂളുകള്‍ നിശ്ചയിച്ചു. ചാലക്കുടിയില്‍ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കെ കഥയില്‍ മാറ്റം വരുന്നു!
ഈ കഥ കൊണ്ട് ഷൂട്ട് ചെയ്യാനാകില്ലെന്ന് മെക്കാര്‍ട്ടിന്‍ അറിയിച്ചു. കഥയില്‍ മാറ്റം വന്നതിനാല്‍ ഷൂട്ടിംഗ് മാറ്റുകയാണെന്നും അറിയിച്ചു. പൃഥ്വിരാജിന് വളരെയേറെ ഇഷ്ടമായ കഥയായിരുന്നു ഇത്. എന്നാല്‍ അവസാന നിമിഷം കഥ മാറ്റാന്‍ തീരുമാനിച്ചതോടെ ഈ പ്രൊജക്ടിന്‍റെ ഭാവി തന്നെ അനിശ്ചിതാവസ്ഥയിലായി.
റാഫിയും മെക്കാര്‍ട്ടിനും തമ്മിലുള്ള അഭിപ്രായവ്യത്യാസം കൊണ്ടാണ് കഥയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതെന്ന് ഒരു സംസാരമുണ്ട്. എന്തായാലും ‘മുംബൈ ദോസ്ത്’ ഇനി എന്നുതുടങ്ങുമെന്ന് പറയാന്‍ പൃഥ്വിരാജിന് പോലും കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല