സ്വന്തം ലേഖകൻ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം ലഭിച്ചത് ആഘോഷമാക്കി ബോളിവുഡ്. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) അറസ്റ്റ് ചെയ്ത് 25 ദിവസത്തിന് ശേഷമാണ് ആര്യന്‍ ഖാന് ജാമ്യം ലഭിക്കുന്നത്.
സോനു സൂദ്, സ്വര ഭാസ്കർ, ആർ മാധവൻ, രാം ഗോപാൽ വർമ, രൺവീർ ഷൂരി, മലൈക അറോറ, ഷനായ കപൂർ, സുചിത്ര കൃഷ്ണമൂർത്തി, ഹൻസൽ മെഹ്ത, സഞ്ജയ് ഗുപ്ത തുടങ്ങി ഒട്ടേറെ ബോളിവുഡ് സെലിബ്രിറ്റികൾ ആര്യന്റെ ജാമ്യത്തിൽ സന്തോഷം പങ്കുവച്ചു.
“ദൈവത്തിന് നന്ദി…ഒരു അച്ഛനെന്ന നിലയിൽ എനിക്കേറെ ആശ്വാസം തോന്നുന്നു..പോസ്റ്റീവായ, നല്ല കാര്യങ്ങൾ സംഭവിക്കട്ടെ…,“ മാധവന്റെ ട്വീറ്റിൽ പറയുന്നു. ആര്യനൊപ്പമുള്ള കുട്ടിക്കാല ചിത്രമാണ് ഷനായ കപൂർ പങ്കുവച്ചത്.
“എനിക്കിന്ന് രാത്രി ആഘോഷമാക്കണം,“ എന്നാണ് സംവിധായകൻ ഹൻസാൽ മെഹ്ത ട്വീറ്റ് ചെയ്തത്. ‘ആര്യന് ജാമ്യം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്, എന്നാൽ ഒരിക്കലും ചെയ്യാത്ത കാര്യത്തിന് ഒരു യുവാവിനെ 25 ദിവസത്തിലധികം ജയിലിൽ കിടത്തിയ സംവിധാനത്തിൽ ഞാൻ വളരെ അസ്വസ്ഥനാണ്’. സഞ്ജയ് ഗുപ്തയുടെ ട്വീറ്റിൽ പറയുന്നു.
ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. ആര്യന്‍ ഖാനൊപ്പം ആഡംബര കപ്പലില്‍നിന്ന് അറസ്റ്റ് ചെയ്ത അര്‍ബാസ് മര്‍ച്ചന്റ്, മോഡല്‍ മുന്‍മുണ്‍ ധമേച്ച എന്നിവര്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന പ്രതികള്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങും.
ഒക്ടോബര്‍ മൂന്നാം തീയതിയാണ് ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന്റെയും മറ്റ് രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേര്‍ എന്‍.സി.ബി.യുടെ പിടിയിലായിട്ടുണ്ട്.
ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യന്റെ ജാമ്യ നടപടികൾ പൂർത്തിയായാൽ ഇന്നോ നാളെയോ പുറത്തിറങ്ങിയേക്കുമെന്ന് അഭിഷാഷക സംഘവും സൂചന നൽകി. അതിനിടെ സഹതടവുകാർക്ക് സാമ്പത്തിക-നിയമ സഹായം ഉറപ്പു നൽകിയിരിക്കുകയാണ് സൂപ്പർ സ്റ്റാറിന്റെ മകൻ എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ആർതർ റോഡ് ജയിലിലെ തടവുപുള്ളികളുടെ കുടുംബങ്ങൾക്ക് ബോളിവുഡ് താരരാജാവിന്റെ മകൻ ആര്യൻ ഖാൻ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തുവെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിവരം. ജയിൽ വാസത്തിനിടെ പരിചയത്തിലായ ഏതാനും തടവുകാരുടെ കുടുംബാന്തരീക്ഷവും അവസ്ഥയും അറിഞ്ഞ ആര്യൻ അവർക്ക് തന്നാലാകുന്ന സാമ്പത്തിക-നിയമ സഹായങ്ങൾ ഉറപ്പു നൽകിയെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല