സ്വന്തം ലേഖകൻ: നഗരത്തിലും സമീപപ്രദേശങ്ങളിലും കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ മുംബൈയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ വ്യാഴാഴ്ച തീവ്രമഴ മുതല്‍ അതിതീവ്രമഴ വരെ പ്രവചിക്കപ്പെട്ട സാഹചര്യത്തില്‍ക്കൂടിയാണ് ജാഗ്രതാനിര്‍ദേശം പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമാണ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്.
മൂന്നുവര്‍ഷത്തിനിടെ ജൂലായില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ദിവസമായിരുന്നു ബുധനാഴ്ച. 1557.8 മില്ലിമീറ്റര്‍ മഴയായിരുന്നു കഴിഞ്ഞദിവസം മുംബൈയില്‍ രേഖപ്പെടുത്തിയത്. ഇതിനുമുന്‍പ് ജൂലായിയില്‍ ഏറ്റവും കൂടിയ മഴ ലഭിച്ചത് 2020-ൽ ആയിരുന്നു. 2005 ജൂലായ് 26-ന് മുംബൈയിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ 18-ാം വാര്‍ഷികമായിരുന്നു ബുധനാഴ്ച. കനത്തമഴ നഗരവാസികളെ ഒരിക്കല്‍കൂടി ആ നടുക്കുന്ന ഓര്‍മ്മകളിലേക്ക് മടക്കിക്കൊണ്ടുപോയി.
മുംബൈയില്‍ പലയിടങ്ങളിലും പതിവുപോലെ വെള്ളക്കെട്ട് രൂപപ്പെട്ട് റോഡ് ഗതാഗതം തടസ്സപ്പെട്ടു. താനെയില്‍ തടാകം നിറഞ്ഞുകവിഞ്ഞതോടെ ജില്ലാഭരണ കൂടം ജാഗ്രതാനിര്‍ദേശം നല്കി. ഹനുമാന്‍നഗറിലെ കെട്ടിടത്തില്‍ താമസിക്കുന്ന 16 കുടുംബങ്ങളെയാണ് കഴിഞ്ഞദിവസം നഗരസഭ മാറ്റിപാര്‍പ്പിച്ചത്. മുംബൈയില്‍ അന്ധേരി സബ് വേ അടച്ചതോടെ വാഹനങ്ങള്‍ വഴി തിരിച്ച് വിടേണ്ടിവന്നിരുന്നു.
മുംബൈയില്‍ കുടിവെള്ളം എത്തിക്കുന്ന താനെയിലെ തന്‍സാ തടാകം കരകവിഞ്ഞതോടെയാണ് സമീപം താമസിക്കുന്നവരോട് ജാഗ്രത പുലര്‍ത്താന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയത്. ബോറിവ്ലി നാഷണല്‍ പാര്‍ക്കിന്സമീപമുള്ള വിഹാര്‍തടാകവും മഴ ശക്തമായതോടെ കരകവിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല