സ്വന്തം ലേഖകന്‍: കനത്ത മഴ മുംബൈയില്‍ ജനജീവിതം മുക്കി. രണ്ടു ദിവസമായി തുടരുന്നു മഴയില്‍ രണ്ടു പേര്‍ മരിച്ചു. മുബൈയിലെ വഡാലയില്‍ അഞ്ച് വയസ്സുകാരനും 60 വയസ്സുകാരിയും വൈദ്യുതാഘാതമേറ്റ് മരിച്ചതായി ദുരന്തനിവാരണ സേന ഉദ്യോഗസ്ഥരാണ് മാധ്യമങ്ങളെ അറിയിച്ചത്.
മുംബൈ നഗരത്തില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഏറ്റവും ശക്തമായ പേമാരിയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മിക്ക സ്ഥലങ്ങളിലും തീവണ്ടി ഗതാഗതവും പൊതുഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്.
തീവണ്ടി ഗതാഗതവും പൊതുഗതാഗതവും തടസ്സപ്പെട്ടത് ജനജീവിതത്തെ താറുമാറാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ താത്ക്കാലികമായി അടച്ചു. സര്‍ക്കാര്‍ ഓഫീസുകളുടെയും ബോംബെ ഹൈക്കോടതിയുടെയും പ്രവര്‍ത്തനവും തടസ്സപ്പെട്ടു.
അടുത്ത 24 മണിക്കൂറില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. വെള്ളം പൊങ്ങി കെട്ടിക്കിടക്കുന്ന സ്ഥലങ്ങളില്‍ പുറത്തിറങ്ങി നടക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല