ദക്ഷിണാഫ്രിക്കന്‍ ടീം കേപ് കോബ്രാസിനെ വെസ്റ്റിന്‍ഡീസ് ടീം ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ രണ്ടുവിക്കറ്റിന് തോല്‍പിച്ചപ്പോള്‍, ആഹ്ലാദപ്പൂത്തിരി കത്തിയത് മുംബൈ ഇന്ത്യന്‍സിന്റെ ക്യാമ്പിലായിരുന്നു. ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20യുടെ സെമിഫൈനലില്‍ കടക്കുന്ന ആദ്യടീമായി മുംബൈ ഇതോടെ മാറി. ജയിച്ചാല്‍ സെമിയിലെത്താമായിരുന്ന കോബ്രാസ് തോറ്റതോടെ, ഗ്രൂപ്പ് എയില്‍നിന്ന് അഞ്ചുപോയന്റുള്ള മുംബൈ സെമിയിലെത്തുകയായിരുന്നു.
ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ കോബ്രാസിന്റെ ബാറ്റിങ് നിര ആദ്യമായി പരാജയപ്പെട്ടപ്പോള്‍ അവര്‍ക്കത് പുറത്തേക്കുള്ള വഴിയും തുറന്നു. ആദ്യം ബാറ്റ് ചെയ്ത കോബ്രാസ് 20 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണെടുത്തത്. കോബ്രാസ് ബൗളര്‍മാരുടെ പരീക്ഷണങ്ങളെ അതിജീവിച്ച ട്രിനിഡാഡ് രണ്ടുപന്തും രണ്ടുവിക്കറ്റും ശേഷിക്കെ വിജയം പിടിച്ചെടുത്തു. അവസാന ഓവറുകളില്‍ പതിനൊന്ന് പന്തുകളില്‍ രണ്ട് സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 25 റണ്‍സെടുത്ത കെവണ്‍ കൂപ്പറാണ് ട്രിനിഡാഡിന്റെ വിജയശില്പിയായത്.
സ്‌കോര്‍: കോബ്രാസ് 20 ഓവറില്‍ നാലിന് 137. ട്രിനിഡാഡ് 19.4 ഓവറില്‍ രണ്ടിന് 138. കൂപ്പറാണ് കളിയിലെ കേമന്‍
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കോബ്രാസിന് തുടക്കത്തിലേ പ്രഹരമേറ്റു. ഓപ്പണര്‍മാരായ ലെവിയെയും (0), ഗിബ്‌സിനെയും (2) പത്തുറണ്‍സെടുക്കുന്നതിനിടെ നഷ്ടപ്പെട്ടു. ഇതോടെ തകര്‍ച്ചയിലായ കോബ്രാസിനെ കരകയറ്റിയത് ഡെയ്ന്‍ വിലാസും (44 പന്തില്‍ 54) ഒവൈസ് ഷായും (50 പന്തില്‍ 63) ചേര്‍ന്ന മൂന്നാംവിക്കറ്റ് കൂട്ടുകെട്ടാണ്. 87 റണ്‍സ് ഈ കൂട്ടുകെട്ടില്‍ പിറന്നെങ്കിലും, സ്‌കോറിങ്ങിന് വേഗം കുറവായിരുന്നു. പിന്നീട് ജെ.പി. ഡുമിനിയും (9) വേണ്ടത്ര ശോഭിക്കാതെ പോയതോടെ, അവരുടെ പ്രകടനം 137 റണ്‍സിലൊതുങ്ങി.
ഒരുഘട്ടത്തിലും ഭദ്രമായിരുന്നില്ല ട്രിനിഡാഡിന്റെ നില. ഡെയ്ല്‍ സ്റ്റെയ്ന്‍ ആദ്യ ഓവറുകളില്‍ ഒന്നാന്തരം പന്തുകള്‍ വര്‍ഷിച്ചപ്പോള്‍, സ്‌കോറിങ് ഒച്ചിഴയും വേഗത്തിലായി. തന്റെ ആദ്യ സ്‌പെല്ലില്‍ മൂന്ന് ഓവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് സ്റ്റെയ്ന്‍ വിട്ടുകൊടുത്തത്. നാലോവറില്‍ 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത് ക്യാപ്റ്റന്‍ കെംപും മികവു കാട്ടിയതോടെ, കോബ്രാസിന് വിജയപ്രതീക്ഷ നിലനിര്‍ത്താനായി.
എന്നാല്‍ കെവന്‍ കൂപ്പര്‍ ക്രീസിലെത്തുന്നതുവരെ മാത്രമേ ഈ പ്രതീക്ഷയ്ക്ക് ആയുസ്സുണ്ടായിരുന്നുള്ളൂ. കൂപ്പര്‍ ക്രീസിലെത്തുമ്പോള്‍, 17 പന്തില്‍ 33 റണ്‍സാണ് ട്രിനിഡാഡിന് വേണ്ടിയിരുന്നത്. റോബിന്‍ പീറ്റേഴ്‌സണ്‍ എറിഞ്ഞ 18-ാം ഓവറിന്റെ അവസാനപന്ത് സിക്‌സറിന് തൂക്കി തന്റെ ലക്ഷ്യം കൂപ്പര്‍ വ്യക്തമാക്കി. മൂന്ന് ഓവറില്‍ മൂന്ന് റണ്‍സ് വഴങ്ങിയിരുന്ന സ്റ്റെയ്‌നിന്റേതായിരുന്നു 19-ാം ഓവര്‍. ട്രിനിഡാഡിന് രണ്ടോവറില്‍ വേണ്ടത് 25 റണ്‍സും. എന്നാല്‍, കോബ്രാസില്‍നിന്ന് മത്സരം തട്ടിയെടുത്ത ഈ ഓവറില്‍ 15 റണ്‍സാണ് പിറന്നത്. ഇതില്‍ ഒരു സിക്‌സറടക്കം പത്തും കൂപ്പറുടെ വക. ലാംഗ്‌വെല്‍റ്റെറിഞ്ഞ അവസാന ഓവറിന്റെ നാലാം പന്തില്‍, വിജയത്തിനാവശ്യമായ രണ്ടുറണ്‍സെടുത്ത് കൂപ്പര്‍ ട്രിനിഡാഡിന് സീസണിലെ രണ്ടാം ജയം സമ്മാനിച്ചു.
നാല് മത്സരങ്ങളില്‍ ഒരു ജയവും കളി നഷ്ടപ്പെട്ടതിന് കിട്ടിയ ഒരു പോയന്റുമടക്കം മൂന്ന് പോയന്റെടുത്ത കോബ്രാസ് പുറത്തായി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല