പിയൂഷ് ചൗള 19-ാം ഓവര്‍ എറിയാനെത്തുംവരെ വിജയം കിങ്സ് ഇലവന് പഞ്ചാബിന്റെ കൂടെയായിരുന്നു. എന്നാല്‍, മൂന്ന് സിക്സറുകളും രണ്ട് ബൗണ്ടറിയുമടക്കം 27 റണ്‍സ് വഴങ്ങിയ ചൗളയുടെ ഓവര്‍ കളി മുംബൈ ഇന്ത്യന്‍സിന് അനുകൂലമാക്കി. മൊഹാലിയില്‍ അവസാന ഓവര്‍ വരെ ആവേശം വിതറിയ മത്സരത്തില്‍ മുംബൈയ്ക്ക് നാല് വിക്കറ്റ് വിജയം. സ്കോര്‍ കിങ്സ് 20 ഓവറില്‍ മൂന്നിന് 168. മുംബൈ 19.5 ഓവറില്‍ ആറിന് 171.
ചൗള പന്തെറിയാനെത്തുമ്പോള്‍, 12 പന്തുകളില്‍ 32 റണ്‍സകലെയായിരുന്നു മുംബൈയുടെ ലക്ഷ്യം. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ വഴങ്ങിയ ബൗളര്‍ എന്ന കുപ്രസിദ്ധിയുള്ള ചൗള, അത് തെറ്റിച്ചില്ല. ദക്ഷിണാഫ്രിക്കന്‍ താരം റോബിന് പീറ്റേഴ്സണ് ആദ്യ രണ്ടു പന്തുകളും ബൗണ്ടറി കടത്തി. മൂന്നാം പന്തില്‍ സിക്സര്‍. നാലാം പന്തില്‍ സിംഗിളെടുത്ത് സ്ട്രൈക്ക് അംബാട്ടി റായുഡുവിന് കൈമാറി. അടുത്ത രണ്ടുപന്തുകളും അതിര്‍ത്തിക്ക് മീതെ പറത്തി റായുഡു വിജയം അഞ്ച് റണ്‍സ് അരികെയാക്കി. അസര്‍ മെഹമൂദ് എറിഞ്ഞ അവസാന ഓവറിന്റെ അഞ്ചാം പന്തില്‍ ബൗണ്ടറി നേടി റായുഡു വിജയം പൂര്‍ത്തിയാക്കുകയും ചെയ്തു. സച്ചിന് തെണ്ടുല്‍ക്കര്‍ ഒപ്പിട്ട തന്റെ അഡിഡാസ് ബാറ്റുയര്‍ത്തിയാണ് റായുഡു വിജയം ആഘോഷിച്ചത്.
17 പന്തില്‍ രണ്ടുവീതം സിക്സറും ബൗണ്ടറിയും ഉള്‍പ്പെടെ 34 റണ്‍സെടുത്ത റായുഡുവാണ് കളിയിലെ കേമന്‍. ഏഴ് പന്തില്‍ 16 റണ്‍സെടുത്ത് റോബിന് പീറ്റേഴ്സണും വിജയത്തില്‍ പങ്കാളിയായി. 30 പന്തില്‍ മൂന്ന് വീതം ബൗണ്ടറിയും സിക്സറുമടിച്ച് 50 റണ്‍സെടുത്ത രോഹിത് ശര്‍മയും മുംബൈയുടെ പ്രകടനത്തില്‍ നിര്‍ണായകമായി. സച്ചിന് (34), ഫ്രാങ്ക്ളിന് (22) എന്നിവരും തിളങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല