സ്വന്തം ലേഖകൻ: മുംബൈയില്‍നിന്ന് മൗറീഷ്യസിലേക്കുള്ള വിമാനം വൈകിയതോടെ കുടുങ്ങി യാത്രക്കാര്‍. എയര്‍ മൗറീഷ്യസിന്റെ എം.കെ. 749 വിമാനമാണ് വൈകിയത്. അഞ്ച് മണിക്കൂറോളം വിമാനത്തിനകത്ത് കുടുങ്ങിയ യാത്രക്കാരില്‍ പലര്‍ക്കും ഇതോടെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു. 78-കാരനായ ഒരു യാത്രക്കാരനും ഇതില്‍ ഉള്‍പ്പെടുന്നു.
ശനിയാഴ്ച പുലര്‍ച്ചെ നാലരയ്ക്കായിരുന്നു മുംബൈ വിമാനത്താവളത്തില്‍ നിന്ന് വിമാനം പുറപ്പെടേണ്ടിയിരുന്നത്. 03:45-ന് തന്നെ യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിച്ച് തുടങ്ങിയിരുന്നു. ആ സമയം മുതല്‍ അഞ്ച് മണിക്കൂറാണ് യാത്രക്കാര്‍ക്ക് വിമാനത്തില്‍ തന്നെ തുടരേണ്ടിവന്നത്.
പെട്ടെന്നുണ്ടായ എഞ്ചിന്‍ തകരാറ് കാരണമാണ് വിമാനം വൈകിയത്. പ്രശ്‌നം പരിഹരിക്കാന്‍ കഴിയാതിരുന്നതോടെ 10 മണിയോടെ സര്‍വ്വീസ് റദ്ദാക്കിയതായി ക്യാപ്റ്റന്‍ അറിയിച്ചു. ഇരുനൂറോളം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിന്റെ എയര്‍ കണ്ടീഷനിങ് സംവിധാനം പ്രവര്‍ത്തിക്കാതായതോടെയാണ് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതെന്ന് യാത്രക്കാര്‍ പറഞ്ഞു. പൂട്ടിയിട്ടത് പോലെ വിമാനത്തില്‍ തുടരേണ്ടി വന്ന യാത്രക്കാരെ പുറത്തിറങ്ങാന്‍ പോലും അനുവദിച്ചില്ലെന്നും യാത്രക്കാര്‍ ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല