സ്വന്തം ലേഖകന്‍: ഏഴു മാസം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടുന്നതിനിടെ കാര്‍ കെട്ടിവലിച്ചു കൊണ്ടുപോയതായി ആരോപണം, മുംബൈ പോലീസിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം പുകയുന്നു. അമ്മയും കാറിനുള്ളിലിരിക്കെ, ഗതാഗതം നിയമം ലംഘിച്ചെന്ന് ആരോപിച്ചാണ് വാഹനം കെട്ടിവലിച്ചു കൊണ്ടുപോകാന്‍ മുംബൈ പൊലീസിന്റെ ശ്രമമുണ്ടായത്. അമ്മ കാറിനുള്ളില്‍ കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് ഇരിക്കെയായിരുന്നു ഇത്.
സംഭവത്തിന്റെ വിഡിയോ വഴിയാത്രക്കാരിലൊരാള്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെ മുംബൈ പൊലീസിന്റെ നടപടി വിവാദമായി. മുംബൈയിലെ പശ്ചിമ മലാഡിലാണ് സംഭവം. വാഹനം കെട്ടിവലിച്ചു കൊണ്ടുപോകാന്‍ പൊലീസ് ശ്രമിക്കുമ്പോള്‍, കുഞ്ഞിനു സുഖമില്ലെന്ന് യുവതി വിളിച്ചുപറയുന്നത് വിഡിയോയില്‍ വ്യക്തമാണ്. എന്നാല്‍, ഇതു ഗൗനിക്കാതെ പൊലീസുകാരന്റെ നേതൃത്വത്തില്‍ വാഹനം നീക്കാന്‍ ശ്രമിക്കുന്നതാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്.
വിഡിയോ പകര്‍ത്തുന്ന വഴിയാത്രക്കാരന്‍ ഉള്‍പ്പെടെയുള്ളവരും വാഹനം കെട്ടിവലിക്കുന്നത് നിര്‍ത്താന്‍ പൊലീസിനോട് ആവശ്യപ്പെടുന്നത് വിഡിയോയിലുണ്ട്. എന്നാല്‍, ഇവര്‍ക്കും ചെവികൊടുക്കാന്‍ പൊലീസ് തയാറാകുന്നില്ല. കുഞ്ഞിനെ ഡോക്ടറെ കാണിച്ചു മടങ്ങിവരുന്ന വഴിയാണെന്നും സ്ത്രീ പറയുന്നുണ്ട്. നിയമം തെറ്റിച്ച് മറ്റു വാഹനങ്ങളും അവിടെ പാര്‍ക്കു ചെയ്തിരുന്നെങ്കിലും തന്നോടും കുഞ്ഞിനോടും പൊലീസ് നിര്‍ദ്ദയമായി പെരുമാറുന്നുവെന്നും യുവതി ആരോപിക്കുന്നു.
ഒടുവില്‍ കൂടുതല്‍ വഴിയാത്രക്കാര്‍ സംഭവത്തില്‍ ഇടപെട്ടതോടെ പൊലീസ് ശ്രമം ഉപേക്ഷിക്കുകയും ചെയ്തു. വിഡിയോ ശ്രദ്ധയില്‍പ്പെട്ട മുംബൈ ജോയിന്റ് കമ്മിഷണര്‍ അമിതേഷ് കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. റിപ്പോര്‍ട്ട് കിട്ടിയശേഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അമിതേഷ് കുമാര്‍ വ്യക്തമാക്കി. യൂണിഫോമില്‍ നെയിം പ്ലേറ്റു പോലുമില്ലാതെയാണ് പൊലീസുകാരന്‍ നടപടിക്ക് നേതൃത്വം നല്‍കിയത്. ശശാങ്ക് റാണെ എന്നാണ് ഇയാളുടെ പേരെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല