സ്വന്തം ലേഖകൻ: പുതിയ ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്ത യുവതിക്ക് നഷ്ടമായത് 7 ലക്ഷം രൂപയാണ്. മുംബൈയിൽ നിന്നുള്ള യുവതിയിൽ നിന്നാണ് പുതിയ തട്ടിപ്പ് വഴി പണം മോഷ്ടിച്ചത്. പുതിയ ക്രെഡിറ്റ് കാർഡും സൗജന്യ ആൻഡ്രോയിഡ് ഫോണും വാഗ്ദാനം ചെയ്താണ് ഓൺലൈൻ തട്ടിപ്പിനിരയാക്കിയത്. 40 കാരിയായ യുവതിക്ക് സൗരഭ് ശർമ്മ എന്ന വ്യക്തിയിൽ നിന്ന് കോൾ ലഭിച്ചു. ബാങ്ക് ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയായിരുന്നു കോൾ. പുതിയ ക്രെഡിറ്റ് കാർഡ് വാങ്ങിയാൽ നഗരത്തിലെ ഒരു സ്‌പോർട്‌സ് ക്ലബ്ബിൽ അംഗത്വവും നൽകാമെന്ന് വാഗ്ദാനം നൽകി.
ഇതോടെ പുതിയ ക്രെഡിറ്റ് കാർഡ് വാങ്ങാൻ യുവതി സമ്മതിക്കുകയും വേണ്ട രേഖകൾ നൽകുകയും ചെയ്തു. ഇതോടൊപ്പം തന്നെ ആൻഡ്രോയിഡ് സ്മാർട് ഫോൺ ഉപയോഗിച്ച് മാത്രമേ ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യാൻ കഴിയൂ എന്ന് തട്ടിപ്പുകാരൻ ശർമ്മ പറഞ്ഞു. യുവതി ഐഫോൺ ഉപയോഗിക്കുന്നതിനാൽ താൻ അയക്കുന്ന പുതിയ ഫോൺ ഉപയോഗിച്ച് കാർഡ് ആക്ടിവേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു.
എല്ലാ വിശദാംശങ്ങളും നൽകിയ ശേഷം കോൾ വന്ന അതേ ദിവസം തന്നെ യുവതിക്ക് പുതിയ ആൻഡ്രോയിഡ് സ്മാർട് ഫോൺ ലഭിച്ചു. എന്നാൽ, ഈ ഫോണിൽ തട്ടിപ്പുകാരൻ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത രണ്ട് ആപ്ലിക്കേഷനുകൾ ഉണ്ടായിരുന്നു – ഡോട്ട് സെക്യൂർ, സെക്യൂർ എൻവോയ് ഓതന്റിക്കേറ്റർ. ഇതുവഴിയാണ് പണം തട്ടാൻ വേണ്ട വിവരങ്ങൾ സ്വന്തമാക്കിയത്.
ഫോൺ ലഭിച്ചതിന് ശേഷം പുതിയ ഫോണിലേക്ക് സിം കാർഡ് ഇടാനും ക്രെഡിറ്റ് കാർഡ് ആക്ടിവേഷൻ പ്രക്രിയ പൂർത്തിയാക്കാനും ശർമ്മ ആവശ്യപ്പെട്ടു. എന്നാൽ, ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്ത് മണിക്കൂറുകൾക്കകം ക്രെഡിറ്റ് കാർഡിൽ നിന്ന് 7 ലക്ഷം പിൻവലിച്ചതായി രണ്ട് മെസേജുകൾ ലഭിച്ചു. ബെംഗളൂരിലെ ജ്വല്ലറിയിൽ നിന്നായിരുന്നു ഇടപാട്.
ഇതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടതായി യുവതിക്ക് മനസ്സിലായത്. എന്നാൽ, അന്ന് ബാങ്കുകൾ അടഞ്ഞുകിടന്നതിനാൽ ഇടപാടുകൾ സ്ഥിരീകരിക്കാൻ കഴിയാതെ വന്നതോടെ അടുത്ത ദിവസം തട്ടിപ്പ് റിപ്പോർട്ട് ചെയ്തു. അവൾ ബാങ്കിനെ സമീപിക്കുകയും പിന്നീട് ഖണ്ഡേശ്വർ പൊലീസിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു. ഹാക്കിങ് ടൂളുകൾ ഉൾപ്പെടുന്ന ആൻഡ്രോയിഡ് ഫോൺ വഴിയാണ് ഇവിടെ തടപ്പ് നന്നതെന്ന് വ്യക്തമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല