സ്വന്തം ലേഖകന്‍: മ്യൂണിക് മാളിലെ വെടിവപ്പ്, പ്രതി കടുത്ത വിഷാദരോഗിയെന്ന് റിപ്പോര്‍ട്ട്, ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമില്ല. ജര്‍മന്‍ നഗരമായ മ്യൂണിക്കിലെ ഒളിമ്പിയ ഷോപ്പിംഗ് മാളില്‍ ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ് നടത്തിയത് അലി ഡേവിഡ് സണ്‍ ബോളി യെന്ന 18 കാരനായ ജര്‍മന്‍ ഇറാനിയന്‍ വംശജനാണെന്നും ഇയാള്‍ക്ക് ഐഎസുമായി ബന്ധമില്ലെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു.
വിഷാദരോഗിയായിരുന്ന ഇയാള്‍ക്കു വെടിവയ്പിനോടു കടുത്ത അഭിനിവേശമുണ്ടായിരുന്നതായാണു റിപ്പോര്‍ട്ടുകള്‍. കൂട്ടക്കൊലകള്‍ സംബന്ധിച്ച ബുക്കുകളും വാര്‍ത്തകളും മറ്റും ഇയാള്‍ ശേഖരിച്ചിരുന്നു. വെടി വയ്പിനെത്തുടര്‍ന്ന് ഇയാള്‍ ജീവനൊടുക്കിയതായി കണ്ടെത്തി. വെടിവയ്പില്‍ 16 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.
ഷോപ്പിംഗ് മാളിലെ മക് ഡൊണാള്‍ഡ് ഫാസ്റ്റ് ഫുഡ് റസ്റ്ററന്റിലാണ് വെടിവയ്പ് ആരംഭിച്ചത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ യുവാവ് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്.
15നും 21നും മധ്യേ പ്രായമുള്ളവരാണു കൊല്ലപ്പെട്ടവരില്‍ അധികവും.
ആക്രമണത്തിനു പിന്നില്‍ മൂന്നുപേര്‍ ഉണ്ടായിരുന്നതായാണ് ആദ്യം പുറത്തുവന്ന റിപ്പോട്ടുകള്‍. അതേത്തുടര്‍ന്ന് നഗരം മുഴുവന്‍ പോലീസ് അരിച്ചുപെറുക്കിയിരുന്നു, ഏതാനും മണിക്കൂര്‍ മ്യൂണികിലെ പ്രധാന റെയില്‍വേ സ്റ്റേഷന്‍ അടച്ചിടുകയും പൊതുഗതാഗതം നിരോധിക്കുകയും ചെയ്തു. ഒടുവില്‍ കൊലപാതകിയുടെ മൃതദേഹം തലയ്ക്കു വെടിയേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല