സ്വന്തം ലേഖകന്‍: മൂന്നാറില്‍ കണ്ണന്‍ ദേവന്‍ തോട്ടം തൊഴിലാളി സമരം എട്ടാം ദിവസത്തിലേക്ക്, രാഷ്ട്രീയക്കാരെ തുരത്തിയോടിച്ച് സമരക്കാര്‍. ബോണസ്, ശമ്പള പ്രശ്‌നം പരിഹരിക്കണം എന്നാവശ്യപ്പെട്ടാണ് കണ്ണന്‍ ദേവന്‍ ഹില്‍ പ്ലൂന്റേഷന്‍ കമ്പനി (കെ.ഡി.എച്ച്.പി.) തൊഴിലാളികള്‍ സമരം നടത്തുന്നത്.
സമരത്തിനു എത്തിയ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെ സമരക്കാര്‍ വിരട്ടി ഓടിച്ചു.രാഷ്ട്രീയക്കാരെ സമരത്തിലേക്ക് കടത്തില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു.അതേസമയം സമരത്തിനു പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വി.എസും മാത്രം തങ്ങളുടെ അടുത്തേയ്ക്ക് വന്നാല്‍ മതിയെന്നാണ് സമരക്കാരുടെ നിലപാട്.
പ്രശ്‌നം പരിഹരിക്കാന്‍ കമ്പനി പ്രതിനിധികള്‍ മന്ത്രി ഷിബു ബേബി ജോണുമായി രണ്ടാമതും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. കമ്പനി പ്രതിനിധികളുമായി ഞായറാഴ്ച എറണാകുളത്ത് വീണ്ടും ചര്‍ച്ച നടത്തും.മൂന്നാറിലെ തോട്ടംതൊഴിലാളികള്‍ക്ക് കണ്ണന്‍ദേവന്‍ കമ്പനി നല്‍കുന്ന ശമ്പളവും, ബോണസും വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം ആരംഭിച്ചത്.
സമരം പിന്‍വലിക്കണമെന്ന ജില്ലാ കലക്ടറുടെ ആവശ്യം തൊഴിലാളികള്‍ നിരാകരിച്ചു. ബോണസും ശന്പളവും വര്‍ധിപ്പിക്കുന്നത് വരെ സമരം ശക്തമായി തുടരാനാണ് സമരക്കാരുടെ തീരുമാനം. അതേസമയം സമരക്കാര്‍ തുരത്തിയോടിച്ച ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രന്‍ ഇന്ന് മുതല്‍ നിരാഹാരം കിടക്കും. പാര്‍ട്ടി നിര്‍ദേശത്തെത്തുടര്‍ന്നാണ് നിരാഹാര സമരം ആരംഭിക്കുന്നത്. മൂന്നാര്‍ ടൗണില്‍ രാവിലെ പത്തു മണിയോട് കൂടി സമരം ആരംഭിക്കാനാണ് തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല