സ്വന്തം ലേഖകന്‍: മൂന്നാര്‍ പെമ്പിള ഒരുമൈ സമരത്തില്‍ വഴിത്തിരിവ്, തോട്ടം തൊഴിലാളികളുടെ കുറഞ്ഞ വേതനം 301 രൂപയാക്കും. സമരം ചെയ്യുന്ന തോട്ടം തൊഴിലാളികളുടെ കുറഞ്ഞ വേതനം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന പിഎല്‍സി യോഗത്തിലാണ് തീരുമാനം. തേയില നുള്ളുന്ന തൊഴിലാളികളുടെ കുറഞ്ഞ വേതനം 232 ല്‍ നിന്ന് 301 രൂപയായി ഉയര്‍ത്തും. നുള്ളുന്ന തേയിലയുടെ അളവ് 21 കിലോയെന്നത് വര്‍ധിപ്പിച്ച് 25 കിലോയാക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ചകള്‍ തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ധാരണയായ കാര്യങ്ങളില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് നവംബര്‍ നാലിന് വീണ്ടും പിഎല്‍സി യോഗം ചേരും. തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഏകാംഗ കമ്മിഷനെ നിയമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ചര്‍ച്ചയില്‍ സമവായമായതിനെ തുടര്‍ന്ന് മൂന്നാറില്‍ ഐക്യ ട്രേഡ് യൂണിയന് നടത്തിവന്ന നിരാഹാര സമരം പിന്‍വലിച്ചു. അതേസമയം, സമരത്തിന്റെ കാര്യത്തില്‍ നാളെയേ തീരുമാനമെടുക്കൂവെന്ന് സമരം തുടരുന്ന പെണ് ഒരുമ പ്രവര്‍ത്തകര്‍ അറിയിച്ചു. ഏലം തൊഴിലാളികളുടെ കുറഞ്ഞ വേതനം 267ല്‍ നിന്ന് 330 രൂപയാക്കി വര്‍ധിപ്പിക്കും. റബറിന് 381 രൂപയായും കുറഞ്ഞ വേതനം നിശ്ചയിച്ചിട്ടുണ്ട്. നേരത്തെയിത് 317 രൂപയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല