സ്വന്തം ലേഖകൻ: ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസവും ഐപിഎല്‍ ടീം സണ്‍റൈസേഴ്സ് ഹൈദരാബാദ് പരിശീകനുമായ മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിനെതിരേ തമിഴ് നാട്ടില്‍ പ്രതിഷേധം. മുരളീധരനായി വേഷമിടുന്ന വിജയ് സേതുപതിയെ ബഹിഷ്കരിക്കാന്‍ സമൂഹ മാധ്യമങ്ങളില്‍ ഹാഷ് ടാഗ് കാമ്പയിനുകള്‍ നടക്കുകയാണ്. ‘ഷെയിം ഓൺ യൂ’, ‘ബോയ്കോട്ട് വിജയ് സേതുപതി’ തുടങ്ങിയ ഹാഷ്ഗാടുകൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയാണ്.
ഐപിഎല്‍ ആവേശങ്ങള്‍ക്കിടെയാണ് 800 എന്ന പേരിൽ സിനിമ പ്രഖ്യാപിക്കുന്നത്. മുത്തയ്യ മുരളീധരന്‍ പരിശീലകനായുള്ള സണ്‍ റൈസേഴ്സ് ഹൈദരാബാദും ചെന്നൈയും തമ്മിലുള്ള മല്‍സരദിവസം ചിത്രത്തിന്റെ മോഷൻ പോസറ്ററും പുറത്തിറക്കി. മത്സരത്തിൽ ചെന്നൈ, ഹൈദരാബാദിനെ തോല്‍പ്പിച്ചു. അതിനു പിന്നാലെയാണ് സിനിമയ്ക്കെതിരേയും വിജയ് സേതുപതിക്കെതിരേയും ഹാഷ്ടാഗുകള്‍ പ്രത്യക്ഷപ്പെട്ടത്.
വിജയ് സേതുപതി തമിഴ് ജനതയ്ക്ക് അപമാനമാണെന്നും തമഴ് വംശജരെ കൊന്നൊടുക്കിയ ശ്രീലങ്കയിൽ നിന്നുള്ള ക്രിക്കറ്റ് താരത്തെക്കുറിച്ചുള്ള സിനിമയിൽ ഒരു തമിഴ്നാട്ടുകാരൻ വേഷമിടുന്നത് അപമാനമാണെന്നും വിമർശകൻ പറയുന്നു.
എന്നാൽ സിനിമയ്ക്ക് ശ്രീലങ്കൻ രാഷ്ട്രീയവുമായി യാതൊരു ബന്ധമില്ലെന്നും മുത്തയ്യ മുരളീധരനെന്ന ഇതിഹാസ താരത്തിന്റെ ജീവിതം മാത്രമാണ് സിനിമയിൽ പ്രതിപാദിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ചെന്നെെ സ്വദേശിയായ മതിമലർ രാമമൂർത്തിയാണ് മുത്തയ്യ മുരളിധരന്റെ ഭാര്യ. ക്രിക്കറ്റ് താരത്തിന്റെ പ്രണയവും വിവാഹവുമെല്ലാം സിനിമയിൽ അവതരിപ്പിക്കുമെന്നാണ് സൂചന.
അതേസമയം മുത്തയ്യ മുരളീധരനാകാനുള്ള തയ്യാറെടുപ്പിലാണ് വിജയ് സേതുപതി. ക്രിക്കറ്റ് താരത്തിന്റെ ശരീരഭാഷ നേടുന്നതിനായി ഭാരം കുറയ്ക്കുന്നതടക്കം കഠിനമായ വ്യായാമ മുറകളിലൂടെയാണ് വിജയ് സേതുപതി ഇപ്പോൾ കടന്നു പോകുന്നത്. സിനിമാചരിത്രത്തില്‍ നാഴികക്കല്ലാകാന്‍ പോകുന്ന ഒരു ചിത്രത്തിന്റെ ഭാഗമാകുന്നത് അഭിമാനമാണെന്നായിരുന്നു വിജയ് സേതുപതിയുടെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല