സ്വന്തം ലേഖകന്‍: പാക് ആഭ്യന്തര മന്ത്രി അഹ്‌സന്‍ ഇഖ്ബാലിനു നേരെ വധശ്രമം; മന്ത്രിയ്ക്ക് അജ്ഞാതന്റെ വെടിയേറ്റു. മധ്യ പഞ്ചാബ് പ്രവിശ്യയിലെ നറോവലില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവെയാണ് മന്ത്രിയുടെ വലതുതോളിനു നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്തത്. രോവാലിലെ കഞ്ചൂര്‍ ഗ്രാമത്തിലാണ് സംഭവം. റാലിയില്‍ പങ്കെടുത്തതിനു ശേഷം വാഹനത്തില്‍ കയറാന്‍ ശ്രമിക്കവെ യുവാവ് മന്ത്രിക്കു നേരെ വെടിവെക്കുകയായിരുന്നു.
സമീപത്തെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതരും മകന്‍ അഹ്മദ് ഇഖ്ബാലും വ്യക്തമാക്കി. സംഭവം നടന്ന ഉടന്‍തന്നെ അഹ്‌സന്‍ ഇഖ്ബാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ബുള്ളറ്റ് നീക്കംചെയ്തു.
ആക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആബിദ് ഹുസൈന്‍ എന്ന 21 കാരനെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്തുവരുകയാണ്. ആക്രമണകാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പാക് പ്രധാനമന്ത്രി ശാഹിദ് ഖാഖാന്‍ അബ്ബാസിയുടെ ഓഫിസ് നടുക്കം രേഖപ്പെടുത്തി. പാകിസ്താന്‍ മുസ്‌ലിം ലീഗ് (എന്‍) അധികാരമേറ്റ 2013 മുതല്‍ കാബിനറ്റിലുള്ള ഇഖ്ബാല്‍ കഴിഞ്ഞ വര്‍ഷമാണ് ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല