കൊച്ചി: തൃക്കാക്കര തെങ്ങോട് കോച്ചേരി പോള്‍ വര്‍ഗീസിനെ (42) കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ഭാര്യ സജിത (32)യെയും യു കെ മലയാളിയായ കാമുകന്‍ കോട്ടയം പാമ്പാടി പുത്തന്‍പുറം പാമ്പാടിക്കണ്ടത്തില്‍ ടിസന്‍ കുരുവിളയെയും (31) പൊലീസ് അറസ്റ്റു ചെയ്തു. ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കാനാണെന്നു സജിത പൊലീസിനു മൊഴി നല്‍കി. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.ടിസന്‍ ലണ്ടനടുത്ത് എന്‍ വി ക്യു വിസയില്‍ വന്നയാളാണ് എന്ന സൂചനകളുണ്ട്.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതെയുള്ളൂ.
ഭക്ഷണത്തില്‍ ഉറക്ക ഗുളിക കലര്‍ത്തി നല്‍കി പോളിനെ മയക്കിക്കിടത്തിയ ശേഷമാണു കൊലപ്പെടുത്തിയത്. ഭര്‍ത്താവിന്റെ കഴുത്തില്‍ സജിത ചുറ്റിക്കൊടുത്ത തോര്‍ത്ത് ടിസന്‍ വരിഞ്ഞു മുറുക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. തലയണകൊണ്ടു മുഖം അമര്‍ത്തി പിടിക്കുകയും ചെയ്തു.
പോളിന്റെ ബന്ധുവായ പെണ്‍കുട്ടിയുടെ വിവാഹത്തിനായി പത്രത്തില്‍ കൊടുത്ത പരസ്യമാണു സജിതയും ടിസനും പരിചയപ്പെടാന്‍ കാരണമായത്. പരസ്യംകണ്ടു പെണ്‍കുട്ടിയുടെ ഫോണിലേക്കു വന്ന ടിസന്റെ കോളിനു മറുപടി പറയാന്‍ സജിതയെ ഫോണ്‍ ഏല്‍പ്പിച്ചു. യുകെയില്‍ നിന്ന് അവധിക്കെത്തിയ ടിസനും സജിതയുമായി പിന്നീട് നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നു. ടിസന്‍ യുകെയിലേക്കു മടങ്ങിയ ശേഷവും ബന്ധം തുടര്‍ന്നു. പ്രണയം വളര്‍ന്നപ്പോള്‍ കുടുംബം ഉപേക്ഷിച്ചു തന്നോടൊപ്പം പോരാന്‍ സജിതയെ ടിസന്‍ നിര്‍ബന്ധിച്ചു.
മക്കളെ ഉപേക്ഷിക്കാനാവില്ലെന്ന നിലപാട് സജിത അറിയിച്ചപ്പോഴാണു ഭര്‍ത്താവിനെ ഇല്ലാതാക്കി മക്കളെയുംകൂട്ടി ഒരുമിച്ചു ജീവിക്കാമെന്നു ഇരുവരും തീരുമാനിച്ചത്. കഴിഞ്ഞ നവംബറില്‍ രണ്ടു മാസത്തെ അവധിക്കു നാട്ടിലെത്തിയ ടിസനും സജിതയും ബോള്‍ഗാട്ടി പാലസിലും മറൈന്‍ഡ്രൈവിലും മറ്റും പലപ്പേഴും കണ്ടുമുട്ടി. ഭര്‍ത്താവിന്റെ അമ്മയ്ക്കു മരുന്നു വാങ്ങാനെന്നു പറഞ്ഞാണു സജിത പലപ്പോഴും വീട്ടില്‍ നിന്നു പോയിരുന്നത്.
കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പോള്‍ ജോലിക്കും കുട്ടികള്‍ സ്‌കൂളിലും പോകുന്ന ദിവസങ്ങളില്‍ പലപ്പോഴും പകല്‍ തെങ്ങോടിലെ വീട്ടില്‍ ടിസന്‍ എത്താറുണ്ടായിരുന്നു. പോളിന്റെ പ്രായമായ അമ്മയ്ക്കു ഉറക്ക ഗുളിക നല്‍കി മയക്കിയ ശേഷമാണ് ഇവര്‍ വീട്ടില്‍ സംഗമിച്ചിരുന്നത്.
കൊലപാതകത്തെക്കുറിച്ച് പൊലീസ് പറയുന്നത്: നേരത്തെ തീരുമാനിച്ചതനുസരിച്ചു കഴിഞ്ഞ 22നു രാത്രി എട്ടേമുക്കാലോടെയാണു ടിസന്‍ സജിതയുടെ വീട്ടിലെത്തുന്നത്. അതിനു മുമ്പ് അമ്മയെ പോളിന്റെ സഹോദരിയുടെ വീട്ടിലേക്കു പറഞ്ഞയച്ചിരുന്നു. കുട്ടികള്‍ക്ക് ഉറക്ക ഗുളിക നല്‍കി ഉറക്കണമെന്നു ടിസന്‍ നിര്‍ദേശിച്ചെങ്കിലും അതിനു മനസ്സു വന്നില്ലെന്നു സജിത പൊലീസിനോടു പറഞ്ഞു. പോള്‍ വര്‍ഗീസ് എത്തുംമുമ്പ് ഇരുവരും ശാരീരികബന്ധം പുലര്‍ത്തി.
പത്തരയോടെ പോള്‍ ജോലി കഴിഞ്ഞെത്തിയപ്പോള്‍ ഒപ്പമിരുന്നു ഭക്ഷണം കഴിച്ച സജിത കയ്യില്‍ കരുതിയ പൊടിച്ച ഉറക്ക ഗുളികകള്‍ ഭക്ഷണത്തില്‍ കലര്‍ത്തി. ഈ സമയത്തു ടിസന്‍ വീട്ടില്‍ പതുങ്ങിയിരുന്നു. ഭക്ഷണം കഴിഞ്ഞു കിടപ്പുമുറിയിലേക്കു പോയ പോള്‍ ഉറക്ക ഗുളിക കാരണം ഗാഢ നിദ്രയിലായി. ഈ സമയം ഇരുവരും വീണ്ടും ശാരീരിക ബന്ധം പുലര്‍ത്തി. അമിതമായി ഉറക്ക ഗുളിക നല്‍കിയിരുന്നതിനാല്‍ പോള്‍ തനിയെ മരിച്ചു കൊള്ളുമെന്നാണു കരുതിയതെങ്കിലും ഏറെ സമയം കാത്തിരുന്നിട്ടും ഉറക്കം തുടര്‍ന്നതിനാലാണു അലമാരയില്‍ നിന്നു തോര്‍ത്തെടുത്തു കഴുത്തില്‍ വരിഞ്ഞു മുറുക്കിയത്.
താന്‍ കഴുത്തില്‍ തോര്‍ത്തു ചുറ്റിക്കൊടുത്താലേ വരിഞ്ഞു മുറുക്കുകയുള്ളൂവെന്നു ടിസന്‍ പറഞ്ഞതനുസരിച്ചാണു തോര്‍ത്ത് കഴുത്തില്‍ ചുറ്റിക്കൊടുത്തതെന്നും സജിത പറഞ്ഞു. കൊലപാതകം നടത്തി മടങ്ങിയ കാമുകനു സ്വന്തം പുരയിടത്തില്‍ നിന്നു പറിച്ചുവച്ചിരുന്ന പൈനാപ്പിള്‍ പായ്ക്കു ചെയ്തു കൊടുത്തയയ്ക്കാനും സജിത മറന്നില്ല.
ടിസന്‍ മടങ്ങിയ ശേഷമാണു സജിത ബന്ധുക്കളെ വിളിച്ചു പോള്‍ ഉറക്കത്തില്‍ മരിച്ചതായി പറഞ്ഞത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം നേരത്തെ നടന്നതായി ഡോക്ടര്‍ വ്യക്തമാക്കി. മരണം സംഭവിച്ചിട്ട് ഏറെ സമയമായെന്നതും കഴുത്തില്‍ ചില പാടുകള്‍ കാണപ്പെട്ടതും സംശയത്തിനിടയാക്കിയതിനെ തുടര്‍ന്നു ആശുപത്രി അധികൃതര്‍ മൃതദേഹം വിട്ടുകൊടുത്തില്ല. പൊലീസെത്തി ഇന്‍ക്വസ്റ്റ് തയാറാക്കി പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷമാണു മൃതദേഹം സംസ്‌കരിച്ചത്.
സജിതയുടെ മൊഴികളില്‍ വൈരുധ്യം ഉണ്ടായതിനെ തുടര്‍ന്നു ഇവര്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പോളിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു സംശയിക്കുന്ന രീതിയില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഭര്‍ത്താവ് തൂങ്ങി മരിച്ചതാണെന്നും ജീവനുണ്ടെന്നു സംശയിച്ചു ആശുപത്രിയിലെത്തിച്ചതാണെന്നും നാണക്കേട് ഭയന്നാണു പുറത്തു പറയാതിരുന്നതെന്നും ഇതിനിടെ സജിത മൊഴി മാറ്റി. സംഭവത്തില്‍ കൂടുതല്‍ ദുരൂഹത തോന്നിയ പൊലീസ് വിശദമായ അന്വേഷണത്തിനൊടുവിലാണു സജിതയെയും ടിസനെയും കസ്റ്റഡിയിലെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല