സ്വന്തം ലേഖകന്‍: കാണാതായ സ്വീഡിഷ് മാധ്യമ പ്രവര്‍ത്തകയുടെ തലയും കൈകാലുകളും കടലിനടിയില്‍. സ്വന്തമായി അന്തര്‍വാഹിനി വികസിപ്പിച്ച വ്യക്തിയെ അഭിമുഖം നടത്തുന്നതിനിടെ ദാരുണമായി കൊല ചെയ്യപ്പെട്ട സ്വീഡിഷ് മാധ്യമ പ്രവര്‍ത്തക കിം വാളിന്റെ ശരീര ഭാഗങ്ങളാണ് അന്വേഷണ സംഘം കണ്ടെടുത്തത്. തല ഉള്‍പ്പെടെയുള്ള അവയവങ്ങളാണ് മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തെരച്ചിലില്‍ ലഭിച്ചത്.
ആഗസ്റ്റ് 10 നാണ് പീറ്റര്‍ മാഡ്‌സണ്‍ എന്നയാള്‍ സ്വന്തമായി വികസിപ്പിച്ച അന്തര്‍വാഹിനിയെ കുറിച്ച് പഠിക്കാനും അഭിമുഖം നടത്താനുമായി കിം വാള്‍ പോയത്. തുടര്‍ന്ന് കാണാതായ കിം വാളിന്റെ ശരീരം 12 ദിവസങ്ങള്‍ക്കു ശേഷം കൈകാലുകള്‍ മുറിച്ചു മാറ്റിയ ഉടല്‍ തീരത്തടിയുകയായിരുന്നു. പോലീസ് അന്വേഷണത്തിന് ഒടുവില്‍ മാഡ്‌സണെ അറസ്റ്റു ചെയ്യുകയും ചെയ്തു. എന്നാല്‍ കിമ്മിന്റെ തല കണ്ടെത്താന്‍ കഴിയാത്തത് അന്വേഷണത്തിന് വിലങ്ങുതടിയായി.
ഒടുവില്‍ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ കിം വാളിന്റെ വസ്ത്രങ്ങളും മറ്റും കഴിഞ്ഞ ദിവസം കണ്ടെടുക്കുകയായിരുന്നു. ഇതിനടുത്തു നിന്നാണ് തലയും ലഭിച്ചത്. മാഡ്‌സണ്‍ നിര്‍മിച്ച അന്തര്‍വാഹിനി ഈ മേഖലയില്‍ മുങ്ങിയിരുന്നു. ഇയാള്‍ കിമ്മിനെ കൊലപ്പെടുത്താനുള്ള കാരണങ്ങള്‍ അന്വേഷിച്ചു വരുകയാണെന്ന് പോലീസ് അറിയിച്ചു. ന്യൂയോര്‍ക് ടൈംസ്, ഗാര്‍ഡിയന്‍ ഉള്‍പ്പെടെ പ്രമുഖ മാധ്യമങ്ങളില്‍ എഴുതിയിരുന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകയായിരുന്നു കിം വാള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല