സ്വന്തം ലേഖകന്‍: ഒമാനിലെ സലാലയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെ ഭര്‍ത്താവ് ജയില്‍ മോചിതനായി. നാലു മാസം മുമ്പ് ഒമാനിലെ സലാലയില്‍ കൊല ചെയ്യപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായിരുന്ന ഭര്‍ത്താവ് ചങ്ങനാശേരി മാടപ്പള്ളി സ്വദേശി ലിന്‍സണാണ് മോചിതനായത്. മൂന്നു മാസത്തിലധികം തടവില്‍ കഴിഞ്ഞ ലിന്‍സണെതിരേ കുറ്റമൊന്നും ചുമത്തിയിരുന്നില്ല.
ഇരുനൂറോളം പേരെ ചോദ്യം ചെയ്ത കേസില്‍ പാക്കിസ്ഥാനികള്‍ ഉള്‍പ്പെടെ ഏതാനും പേരെ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും തെളിവുകളുടെ അഭാവത്തില്‍ പിന്നീട് വിട്ടയയ്ക്കുകയായിരുന്നു. റോയല്‍ ഒമാന്‍ പോലീസ് കസ്റ്റഡിയിലായിരുന്ന ലിന്‍സനു ഭാര്യയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ പോലും സാധിച്ചില്ല.
കസ്റ്റഡിയില്‍നിന്നു മോചിതനായ ലിന്‍സന്റെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും ശരിയാകുന്ന മുറയ്ക്ക് നാട്ടിലെത്താന്‍ സാധിക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു. ഏപ്രില്‍ 20നാണ് ചിക്കുവിനെ താമസസ്ഥലത്ത് കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒമാനിലെ സ്വകാര്യ ആശുപത്രി ഗ്രൂപ്പായ ബദര്‍ അല്‍സമയുടെ സലാല ശാഖയിലെ ജീവനക്കാരായിരുന്നു ചിക്കുവും ഭര്‍ത്താവ് ലിന്‍സണും.
ജോലി സമയമായിട്ടും ചിക്കുവിനെ കാണാതെ വന്നതോടെ ലിന്‍സണ്‍ മൊബൈലിലേക്കു വിളിച്ചു. പ്രതികരിക്കാതെ വന്നതോടെ ആശുപത്രിയില്‍നിന്നു താമസസ്ഥലത്ത് എത്തിയ ലിന്‍സനാണു മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്നു വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. അങ്കമാലി കറുകുറ്റി സ്വദേശിനിയാണു ചിക്കു. മരിക്കുമ്പോള്‍ നാലു മാസം ഗര്‍ഭിണിയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല