സ്വന്തം ലേഖകൻ: ഒമാന്റെ ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്തിന്റെ മസ്കത്ത്- അബുദാബി ബസ് സർവീസിന് പ്രിയമേറുന്നു. രണ്ട് മാസത്തിനുള്ളിൽ 7000 പേരാണ് മസ്കത്ത്- അബുദാബി റൂട്ടിൽ ബസ് യാത്ര നടത്തിയത്. മസ്കത്ത്- അബുദാബി ബസ് സർവീസ് പുനഃരാംഭിച്ച ഒക്ടോബർ ഒന്ന് മുതൽ നവംബർ 30 വരെയുള്ള കണക്കാണിതെന്ന് അധികൃതർ അറിയിച്ചു.
ഇതിൽ 5000 ആളുകൾ നവംബറിലാണ് യാത്ര ചെയ്തത്. കോവിഡിനെ തുടർന്ന് യുഎഇയിലേക്ക് ബസ് സർവീസുകൾ മുവാസലാത്ത് നിർത്തിവച്ചിരുന്നു. ഇതാണ് ഒക്ടോബറിൽ പുനഃരാംഭിച്ചത്. എന്നാൽ, ദുബായിലേക്ക് ഇതുവരെ സർവീസ് ആരംഭിച്ചിട്ടില്ല. മസ്കത്ത്- ബുറൈമി- അൽഐൻ വഴി അബുദാബിയിൽ എത്തിചേരുന്ന രീതിയിലാണ് റൂട്ടുകൾ സജ്ജീകരിച്ചിരിക്കുന്നത്. വൺവേ ടിക്കറ്റ് നിരക്ക് 11.5 റിയാൽ ആണ്. യാത്രക്കാർക്ക് 23 കിലോഗ്രാം ലഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജും അനുവദിക്കും.
ഒമാനിൽ വിസിറ്റ് വീസയിൽ എത്തുന്നവർ ജോലി വീസയിലേക്ക് മാറണമെങ്കിൽ രാജ്യം വിടണമെന്ന നിയമം നടപ്പിൽ വന്നതോടെയാണ് മസ്കത്തിൽ നിന്ന് യുഎഇയിലേക്ക് സർവീസ് നടത്തുന്ന മുവാസലത്ത് ബസിൽ തിരക്കേറി തുടങ്ങിയത്. നിലവിൽ യുഎഇയിലേക്ക് സ്വകാര്യ ബസ് കമ്പനി സർവീസ് നടത്തുന്നുണ്ടെങ്കിലും ഇതിലെ യാത്രക്കാർക്ക് വീസ മാറാൻ കഴിയാത്തതാണ് മുവാസലാത്തിൽ തിരക്ക് വർധിക്കാൻ കാരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല