സ്വന്തം ലേഖകൻ: മസ്കറ്റ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ. യാത്രക്കാർക്ക് 40 മിനിറ്റ് മുമ്പ് വിമാനത്താവളത്തിൽ എത്തണം. ഒമാൻ എയർപോർട്ട്സ് അധികൃതർ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 20 മിനുറ്റ് മുമ്പ് വിമാനത്താവളത്തിൽ എത്തിയാൽ മതിയെന്നാണ് ഇപ്പോഴുള്ള നിയമം. അത് 40 മിനുറ്റ് മുമ്പ് ആക്കുന്നു എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
പുതിയ പാസഞ്ചർ ബോർഡിങ് സിസ്റ്റം (PBS) നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷകരണം മസ്കറ്റ് വിമാനത്താവള അധികൃതർ കൊണ്ടു വന്നിരിക്കുന്നത്. യാത്രക്കാരുടെ യാത്ര സുഖം,വിമാനത്താവളത്തിന്റെ പ്രവർത്തനക്ഷമത എന്നിവ മെച്ചപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
അതേസമയം, ഒമാനിൽ സ്വദേശിവത്കരണം ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ സ്വദേശിവത്കരണ നിരക്ക് വർധിപ്പിക്കാനുള്ള പദ്ധതികൾ ഒമാൻ തൊഴിൽ മന്ത്രാലയം പുറത്തുവിട്ടു. ഒമാനികൾക്ക്കൂടുതൽ തൊഴിൽ ലഭിക്കാനുള്ള പദ്ധതികൾ ആണ് മന്ത്രാലയം മുന്നോട്ടുവെച്ചിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ കമ്പനി അധികൃതർക്ക് നൽകി കഴിഞ്ഞു. പുതിയ ഉത്തരവ് നടപ്പാക്കാത്ത കമ്പനികൾക്കും, സ്ഥാപനങ്ങൾക്കും എതിരെ നടപടികൾ സ്വീകരിക്കും. തൊഴിൽ മന്ത്രാലയവും സ്വകാര്യ മേഖല കമ്പനികളും മറ്റ് ബന്ധപ്പെട്ട അധികൃതരും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
സ്വദേശികൾക്ക് നീക്കി വെച്ചിരിക്കുന്ന ജോലികളിൽ മറ്റാരും പ്രവേശിക്കാൻ പാടില്ല. സർക്കാർ നിർദേശിച്ചിരിക്കുന്ന നിയമങ്ങൾ പാലിക്കാത്തവർക്ക് പിഴയും ശിക്ഷയും ഉണ്ടായിരിക്കും. എല്ലാ സ്വകാര്യ കമ്പനികളും രാജ്യത്തിന്റെ നിലവാരം കാത്തുസൂക്ഷിക്കുന്ന തരത്തിലാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നതെന്ന് പരിശോധിക്കും.
30 ലധികം തൊഴിലുകളിൽ ഇനി സ്വദേശികൾക്ക് മാത്രമേ ജോലി ചെയ്യാൻ സാധിക്കുകയുള്ളു. അല്ലാത്തവരെ ജോലിക്കായി നിയമിച്ചാൽ പിഴ അടക്കേണ്ടി വരും. സ്വദേശിവത്കരണം നടത്തുമ്പോൾ പ്രത്യേക സാമ്പത്തിക പാകേജ് കമ്പനികൾക്ക് നൽകും. സ്വദേശിവത്കരണ ശതമാനം വർധിപ്പിക്കുന്ന സ്ഥാപനങ്ങളെ സഹായിക്കാനുള്ള ഇത്തരത്തിലുള്ള പ്രത്യേക സാമ്പത്തിക പാക്കേജിന് മന്ത്രി സഭ അംഗീകാരം നൽകി.
സ്വദേശിവത്കരണ നിരക്ക് വർധിപ്പിച്ചാൽ വർക്ക് പെർമിറ്റ് ഫീസുകളുടെ കാര്യത്തിൽ പുനരാലോചിന ഉണ്ടായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സഹകരിക്കാത്ത സ്ഥാപനങ്ങളുടെ വർക്ക് പെർമിറ്റ് ഫീസുകൾ ഇരട്ടിപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ പോകും. സ്വദേശിവത്കരണം നടപ്പിലാക്കുന്നുണ്ടോയെന്നറിയാൽ ശക്തമായ പരിശോധന അധികൃതർ നടത്തും. ഇപ്പോൾ മന്ത്രാലയം എടുത്തിട്ടുള്ള തീരുമാനങ്ങൾ അടുത്ത സെപ്റ്റംബർ മുതൽ നടപ്പിൽ വരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല