സ്വന്തം ലേഖകൻ: മസ്കറ്റ് വിമാനത്താവളം വഴിയുള്ള യാത്ര ഇനി വേഗത്തിൽ. റോയൽ ഒമാൻ പോലീസുമായി സഹകരിച്ചാണ് സ്മാർട്ട് ഗേറ്റ് സംവിധാനം പ്രവർത്തിക്കുന്നത്. ഇനി കാത്തിരിപ്പില്ലാതെ യാത്ര വേഗത്തിൽ നടക്കുമെന്ന് ഒമാൻ വിമാനത്താവള അധികൃതർ അറിയിച്ചു. സെക്കൻഡുകൾകൊണ്ട് നടപടികൾ പൂർത്തിയാക്കി വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കും. സ്മാർട്ട് ഗേറ്റുകൾ ഏർപ്പെടുത്തിയതോടെ ഇമിഗ്രേഷൻ, ചെക്ക്-ഇന്‍ കൗണ്ടറിലെ നീണ്ട നിര ഇനിയുണ്ടാകില്ല.
ഇമിഗ്രേഷൻ അടക്കമുള്ള നടപടികൾ പൂർത്തിയാക്കാൻ പലപ്പോഴും മണിക്കൂറുകൾ യാത്രക്കാർ വിമാനത്താവളത്തിൽ കാത്തു നിൽക്കേണ്ടി വരും. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരവധി പേർ ഇത്തരത്തിൽ വിമാനത്താവളത്തിൽ കാത്തുനിൽക്കാറുണ്ട്. നിരവധി യാത്രക്കാർ ഇതുസംബന്ധിച്ച് പരാതികൾ ഉന്നതിയിച്ചുണ്ട്. അതിന്റെ അടിസ്ഥാനതത്തിലാണ് സ്മാർട്ട് ഗേറ്റുകളുടെ പ്രവർത്തനം വേഗത്തിലാക്കാൻ തീരുമാനിക്കുന്നത്.
താമസക്കാർക്കും പ്രവാസികൾക്കും അവരുടെ പാസ്‌പോർട്ടുകൾ സ്കാൻ ചെയ്തും, ഡിജിറ്റൽ ഐ ഡി രജിസ്റ്റർ ചെയ്തും ഇമിഗ്രേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. എന്നാൽ രാജ്യത്തേക്ക് ആദ്യമായി വരുന്ന ചിലർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം. മാന്വൽ ഇമിഗ്രേഷൻ കൗണ്ടറുകൾ ആണ് ഇവർ ഉപയോഗിക്കേണ്ടത്. സ്മാർട്ട് ഗേറ്റ് സ്ഥാപിച്ച ആദ്യ ഘട്ടത്തിൽ ചില യാത്രക്കാർക്ക് ചെറിയ പ്രയാസങ്ങൾ വിമാനത്താവളത്തിൽ നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഇപ്പോൾ അതെല്ലാം പരിഹരിച്ചു. സ്മാർട്ട് ഗേറ്റുകൾ വഴിയുള്ള യാത്രകൾ കൂടുതൽ എളുപ്പത്തിലാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
അവധികാലമായാൽ വിമാനത്താവളത്തിൽ വലിയ തിരക്കാണ് ഉണ്ടാകുക. പലപ്പോഴും കാത്തിരിപ്പ് കൗണ്ടറുകളിൽ വലിയ തിരക്ക് അനുഭവപ്പെടും. യാത്രക്കാർക്ക് നേരത്തെ വരാനുള്ള നിർദേശം ഇതിന്റെ ഭാഗമായി എയർപോർട്ട് അധികൃതർ നൽകാറുണ്ട്. സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് ആദ്യം വിവിധ തരത്തിലുള്ള സംശയങ്ങൾ യാത്രക്കാർ ഇടയിൽ ഉണ്ടായിരുന്നു. അതെല്ലാം ഇപ്പോൾ പരിഹരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, വിമാനത്തിൽ മികച്ച ഭക്ഷണം നൽകുന്നവരുടെ പട്ടികയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ഒമാൻ എയർ. 27000ത്തിലധികം യാത്രക്കാരുടെ അഭിപ്രായം വിലയിരുത്തിയാണ് അഭിപ്രായം തയ്യാറാക്കിയിരിക്കുന്നത്. മണി സൂപ്പർ മാർക്കറ്റിന്‍റെ ട്രാവൽ ഇൻഷുറൻസ് ടീം ആണ് യാത്രക്കാരുടെ അഭിപ്രായങ്ങൾ ശേഖരിച്ചത്. എല്ലാതരം ക്ലാസുകളിലെയും യാത്രക്കാരുടെ അഭിപ്രായങ്ങൾ അന്വേഷിച്ചിരുന്നു. കുവെെറ്റ് എയർലെെൻസ് ആണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. മികച്ച ഭക്ഷണം, മിതമായ നിരക്കിൽ നൽകുന്ന പ്രത്യേകതയാണ് കുവെെറ്റ് എയർലെെൻസിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല