സ്വന്തം ലേഖകൻ: പ്രവാസി തൊഴിലാളികളുടെ പാർപ്പിട പരിസരങ്ങളിലെ താമസം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് മസ്കത്ത് ഗവർണറേറ്റ്. ഇത്തരം പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാൻ ലക്ഷ്യമിട്ട് മസ്കത്ത് ഗവർണറേറ്റ് ഓൺലൈനിലൂടെ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. പാർപ്പിട കേന്ദ്രങ്ങളിലെ പ്രവാസി തൊഴിലാളികൾ സാമൂഹികവും സാംസ്കാരികവുമായ ഘടനക്ക് ഭീഷണിയാവുന്നുണ്ടെന്നും ഗവർണറേറ്റ് പുറത്തിറക്കിയ ബോധവത്കരണ നോട്ടീസിൽ പറയുന്നു.
കുറ്റകൃത്യങ്ങളിലേക്ക് നയിച്ചേക്കാവുന്ന പ്രശ്നങ്ങളുടെ സാധ്യത, സാമൂഹിക സ്വകാര്യതയുടെ ലംഘനം, തെറ്റായ രീതികൾ കാരണം പ്രദേശത്തിന്റെ ആരോഗ്യ-പാരിസ്ഥിതിക നിലയെ ബാധിക്കുക, സ്ഥലത്തിന്റെ നാഗരികവും സൗന്ദര്യാത്മകവുമായ രൂപത്തിന്റെ വക്രീകരണം, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന കൈയേറ്റങ്ങൾ, റെസിഡൻഷ്യൽ ക്വാർട്ടേഴ്സിലെ കുടുംബ സുരക്ഷക്ക് ഭീഷണി, പുകവലിയും അതിന്റെ ഉപയോഗവും മൂലം മോശം ആരോഗ്യ ശീലങ്ങൾ യുവാക്കളെ പ്രതികൂലമായി ബാധിക്കുക എന്നിങ്ങനെയുളള പ്രശ്നങ്ങളാണ് മസ്കത്ത് ഗവർണറേറ്റ് നോട്ടീസിൽ സൂചിപ്പിച്ചിട്ടുള്ളത്.
അതിനിടെ അടുത്ത അധ്യയന വർഷം മസ്കത്ത് ഇന്ത്യൻ സ്കൂളിൽ ഫീസ് വർധിപ്പിക്കില്ലെന്ന അധികൃതരുടെ തീരുമാനത്തെ സ്വഗതം ചെയ്യുകയാണെന്ന് രക്ഷിതാക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന ഓപൺ ഫോറത്തിലാണ് തുടർച്ചയായി ഉണ്ടാകുന്ന ഫീസ് വർധന നിയന്ത്രിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടത്. ഈ ആവശ്യം അംഗീകരിച്ച സ്കൂൾ മാനേജ്മെന്റ് അടുത്ത അധ്യയനവർഷം ഫീസ് വർധന ഉണ്ടാകില്ലെന്ന് ഓപൺ ഫോറത്തെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
ഓപൺ ഫോറത്തിന് ശേഷം മാധ്യമങ്ങളെ കണ്ട രക്ഷിതാക്കളുടെ സംഘം, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും സ്കൂൾ ഡയറക്ടർ ബോർഡും നൽകിയ ഉറപ്പുകളിൽ സംതൃപ്തി രേഖപ്പെടുത്തി. എന്നാൽ ഉറപ്പുകൾ കൃത്യമായി പാലിക്കപ്പെടണമെന്നും ഇന്ത്യൻ സ്കൂൾ മസ്കത്തിന്റെ അക്കാദമികവും, അക്കാദമിക് ഇതര നിലവാരം സംരക്ഷിക്കുന്നതിൽ തങ്ങൾ ജാഗൃതയോടെ ഇടപെടുമെന്നും രക്ഷിതാക്കൾ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല