സ്വന്തം ലേഖകൻ: തലസ്ഥാന നഗരിയിൽ കുറഞ്ഞ ചെലവിൽ താമസസൗകര്യം ലഭിക്കാത്തത് കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കും പ്രയാസം സൃഷ്ടിക്കുന്നു. വലിയ തുക ചെലവഴിച്ചാണ് പലരും താമസിക്കുന്നതെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാണിക്കുന്നു. ജോലിക്കായി സ്വന്തം പട്ടണത്തിൽ നിന്ന് മാറിത്താമസിക്കുന്ന അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും ഇതുതന്നെയാണ് സ്ഥിതി.
അൽഖൂദ് പോലുള്ള സ്ഥലങ്ങളിൽ ഷെയറിങ് അടിസ്ഥാനത്തിൽ ഒരു മിതമായ അപ്പാർട്മെന്റിന് ഒരു വിദ്യാർഥി 60 റിയാലും അതിനു മുകളിലും കൊടുക്കേണ്ടിവരുന്നുണ്ട്. ഇതിനേക്കാൾ കൂടുതൽ സൗകര്യപ്രദവും ഉയർന്ന മാർക്കറ്റ് ലൊക്കേഷനുകളിലും ഇതിനു മുകളിലാണ് നൽകേണ്ടിവരുന്നതെന്നും ചൂണ്ടിക്കാണിക്കുന്നു. മിക്ക ബാച്ചിലേഴ്സും ഫ്ലാറ്റുകൾ വാടകക്കെടുത്ത് സുഹൃത്തുക്കൾക്കിടയിൽ വാടക പങ്കിടുകയാണ് ചെയ്യുന്നത്.
ഇത്തരം ഫ്ലാറ്റുകളിൽ അടുക്കളയടക്കം പരിമിതമായ സൗകര്യങ്ങളായിരിക്കും ഉണ്ടാകുക. എന്നാൽ, ഇതിനും മാസത്തിൽ 50 റിയാൽവരെ നൽകേണ്ടിവരുന്നുണ്ട്. ബാച്ചിലേഴ്സിന് വാടകക്ക് കൊടുക്കുമ്പോൾ ഇത്തരം ഫ്ലാറ്റുകളിൽനിന്ന് കുടുംബങ്ങൾ ഒഴിഞ്ഞുപോകുകയോ അല്ലെങ്കിൽ ഇത്തരം സ്ഥലങ്ങളിലേക്ക് കുടുംബങ്ങൾ താമസിക്കാൻ വരാത്ത സ്ഥിതിയുണ്ടെന്ന് ഒരു പ്രോപ്പർട്ടി ബ്രോക്കറേജ് സ്ഥാപനത്തിന്റെ എക്സിക്യൂട്ടിവ് പറഞ്ഞു.
ഇക്കാരണത്താൽ വിദ്യാർഥികൾക്ക് താമസിക്കാനുള്ള ഇടം കുറഞ്ഞുകൊണ്ടിരിക്കുന്നു. ഇത് ന്യായീകരിക്കാൻ കഴിയാത്ത ഉയർന്ന നിരക്കിലേക്ക് വാടക ഉയരാൻ കാരണമായെന്നും ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല