സ്വന്തം ലേഖകന്‍: തീവ്രവാദ പശ്ചാത്തലമുള്ള ഏഴ് ഇസ്ലാമിക രാജ്യങ്ങളിലെ അഭയാര്‍ഥികള്‍ക്ക് യുഎസില്‍ പ്രവേശന വിലക്ക്, ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു. തീവ്രവാദികള്‍ക്ക് അമേരിക്കയിലേക്കു പ്രവേശനം അനുവദിക്കില്ല എന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായി സിറിയ, ഇറാന്‍, ഇറാഖ്, ലിബിയ, യമന്‍, സുഡാന്‍, സൊമാലിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്കാണ് ട്രംപ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അമേരിക്കയിലേക്കു പോകുന്നതിനെത്തിയ ഇസ്‌ലാമിക രാജ്യങ്ങളില്‍നിന്നുള്ള ഏഴു യാത്രക്കാരെ കയ്‌റോ വിമാനത്താവളത്തില്‍ തടഞ്ഞു. ഇസ്‌ലാമിക രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കുള്ള വീസ നിഷേധത്തിന്റെ ഭാഗമായാണ് നടപടി. സിറിയ ഉള്‍പ്പെടെ ഏഴു ഇസ്‌ലാമിക രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വീസ നിഷേധിക്കാനുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചതിനു തൊട്ടുപിന്നാലെയാണ് യാത്രക്കാരെ തടഞ്ഞത്.
ഇറാക്കില്‍നിന്നുള്ള അഞ്ചു പേരെയും യെമനില്‍നിന്നുള്ള ഒരാളെയുമാണ് തടഞ്ഞത്. ഇവര്‍ കയ്‌റോയില്‍നിന്നു ന്യൂയോര്‍ക്കിലേക്ക് പോകുകയായിരുന്നു. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തില്‍ ഇറങ്ങാനുള്ളവരായിരുന്നു യാത്രക്കാര്‍. നിയമവിധേയമായ വീസയാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. എന്നാല്‍ ഇവരെ ഈജിപ്ത് എയര്‍ വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ല.
അടുത്ത 30 ദിവസത്തേക്ക് ഈ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും വിസ അനുവദിക്കില്ല. തുടര്‍ന്ന് അപേക്ഷിക്കുന്നവര്‍ക്കു കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തും. വിദേശ തീവ്രവാദികള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് തടയുന്നതിനും രാജ്യത്തിന് സംരക്ഷണം നല്‍കുന്നതിനും വേണ്ടിയാണ് പുതിയ ഉത്തരവെന്ന് ട്രംപ് പ്രതികരിച്ചു. പ്രവേശനം അനുവദിക്കപ്പെടുന്ന അഭയാര്‍ത്ഥികള്‍ അമേരിക്കയുടെ സുരക്ഷയ്ക്കു ഒരു തരത്തിലും ഭീഷണിയാകില്ലെന്ന് ഉറപ്പാക്കാന്‍ വേണ്ടിയുള്ളതാണ് തീരുമാനം.
നിരോധിക്കപ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കോ കുടിയേറ്റക്കാര്‍ക്കോ 90 ദിവസത്തില്‍ കൂടുതല്‍ വിസ അനുവദിക്കുകയുമില്ല. ഇക്കാര്യത്തില്‍ അപേക്ഷകന്റെ പശ്ചാത്തലം പരിശോധിക്കുന്ന പുതിയ നിയമവും നടപ്പാക്കുന്നുണ്ട്. അതേസമയം ഈ രാജ്യങ്ങളില്‍ ദുരിതം അനുഭവിക്കുന്ന ക്രിസ്ത്യാനികള്‍ക്ക് ഇളവുകള്‍ ഉണ്ടാകും. അതേസമയം യുദ്ധക്കെടുതികള്‍ അനുഭവിക്കുന്ന അനേകം രാജ്യങ്ങളിലുള്ളവരെ ദോഷകരമായി ബാധിക്കുന്ന ട്രംപിന്റെ പുതിയ പ്രഖ്യാപനമയാ ‘തീവ്രമായ സുക്ഷ്മ പരിശോധന’ നയത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരും തീവ്രവാദ വിരുദ്ധ വിദഗ്ദ്ധരും അപലപിച്ചിട്ടുണ്ട്. ട്രംപിന്റെ നിര്‍ദേശം അമേരിക്കന്‍ ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള മതാവകാശത്തിന്റെ ലംഘനമാണെന്ന് രാജ്യത്തെ നിയമവിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വര്‍ഷം അമേരിക്ക സ്വീകരിച്ച 84,995 അഭയാര്‍ഥികളില്‍ 12,587 പേര്‍ സിറിയയില്‍ നിന്നുമായിരുന്നു. കഴിഞ്ഞ പ്രസിഡന്റ് ബാരക് ഒബാമ വാര്‍ഷിക അഭയാര്‍ഥികളുടെ പരിധി ഈ വര്‍ഷം 110,000 ആക്കി ഉയര്‍ത്തിയിരുന്നു. അതേസമയം ഇത് 50,000 ആക്കി കുറയ്ക്കാനാണ് ട്രംപ് ഒരുങ്ങുന്നത്. സെപ്തംബര്‍ 11 തീവ്രവാദി ആക്രമണത്തിന് പിന്നാലെ മാറ്റി വെച്ച അഭയാര്‍ഥി സ്വീകരിക്കല്‍ പരിപാടി മാസങ്ങള്‍ക്ക് ശേഷം തന്നെ അമേരിക്ക പുനരാരംഭിക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല