1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2015

മുസ്ലീം വ്യക്തി നിയമത്തില്‍ മാറ്റം ആവശ്യപ്പെട്ട് ഇന്ത്യയിലെ മുസ്ലീം സ്ത്രീകള്‍. ഇന്ത്യയിലെ വിവാഹിതരായ മുസ്ലീം സ്ത്രീകള്‍ക്കിടയില്‍ നടത്തിയ സര്‍വെയിലാണ് മുസ്ലീം സ്ത്രീകള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇന്ത്യയിലെ മുസ്ലീം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഭാരതീയ മുസ്ലീം മഹിളാ ആന്തോളനാണ് (ബിഎംഎംഎ) സര്‍വെ നടത്തിയത്.

മുസ്ലീംങ്ങളുടെ വിവാഹരീതിയുടെ ഭാഗമായുള്ള മുത്വലാക്ക്, ബഹുഭാര്യത്വം, ശൈശവ വിവാഹം എന്നിവ കുടുംബ നിയമങ്ങളില്‍നിന്ന് ഒഴിവാക്കണമെന്ന് ഇന്ത്യയിലെ മുസ്ലീം സ്ത്രീകള്‍ അഭിപ്രായപ്പെട്ടു.

സര്‍വെയില്‍ പങ്കെടുത്ത ഭൂരിഭാഗം സ്ത്രീകളും ശൈശവ വിവാഹം ഉള്‍പ്പെടെ മുസ്ലീം വിവാഹരീതിയില്‍ നിലനില്‍ക്കുന്നവ പലതും വേണ്ടെന്ന് അഭിപ്രായപ്പെടുന്നവരാണെന്ന് സര്‍വെ ഫലം വ്യക്തമാക്കുന്നു. ബഹുഭാര്യത്വം, ഏകപക്ഷീയമായ വിവാഹമോചനം, കുട്ടിയെ കൈവശം വെയ്ക്കാനുള്ള അവകാശം, ശൈശവ വിവാഹം എന്നിവ നിയമം മൂലം കുറ്റകരമാക്കണമെന്നും സര്‍വെയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നു.

ഇന്ത്യയിലെ സ്ത്രീകള്‍ മുസ്ലീം വ്യക്തിനിയമത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് ബിഎംഎംഎ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഖുര്‍ആനിലെ വ്യവസ്ഥകള്‍ അടിസ്ഥാനപ്പെടുത്തി വിവാഹപ്രായം, വിവാഹമോചന നടപടിക്രമങ്ങള്‍, ബഹുഭാര്യത്വം തുടങ്ങിയ കാര്യങ്ങളില്‍ നിയന്ത്രണങ്ങളുള്ള പുതിയ നിയമം നിര്‍മ്മിക്കണമെന്നും പ്രസ്താവന ആവശ്യപ്പെടുന്നു.

ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിലുള്ള 4,710 വിവാഹിതരായ സ്ത്രീകളെ ഉള്‍പ്പെടുത്തിയാണ് ബിഎംഎംഎ സര്‍വെ നടത്തിയത്. സര്‍വെയില്‍ പങ്കെടുത്ത 92 ശതമാനം സ്ത്രീകളും പറയുന്നത് ഒന്നാം ദാമ്പത്യം നിലനില്‍ക്കെ മുസ്ലീം പുരുഷന് രണ്ടാം വിവാഹം അനുവദിക്കരുതെന്നാണ്. വിവാഹ മോചനത്തിനായി 90 ദിവസം നീണ്ടു നില്‍ക്കുന്ന മൂന്നു ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന നടപടിക്രമങ്ങള്‍ വേണമെന്നും സര്‍വെയില്‍ പങ്കെടുത്ത 88 ശതമാനം സ്ത്രീകളും ആവശ്യപ്പെടുന്നു. തങ്ങളുടെ ജീവിതത്തില്‍ മുത്വലാക്കിന് വിധേയരായിട്ടുണ്ടെന്ന് സര്‍വെയില്‍ പങ്കെടുത്ത സ്ത്രീകളില്‍ ഏറെയും പറയുന്നു. ഇവരില്‍ ചിലരെ മുത്വലാക്ക് പറഞ്ഞ് വിവാഹമോചനം നല്‍കിയപ്പോള്‍ മറ്റ് ചിലരെ മുത്വലാക്ക് എഴുതി വിവാഹമോചനം നല്‍കി. ഇത്തരം രീതികള്‍ മാറണമെന്നും വിവാഹ മോചനത്തിനായി ഇരു വിഭാഗങ്ങള്‍ക്കും വിശദീകരണം നല്‍കാന്‍ കഴിയുന്ന തരത്തിലുള്ള സംവിധാനം ഒരുക്കണമെന്നും സ്ത്രീകള്‍ അഭിപ്രായപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.