സ്വന്തം ലേഖകന്‍: പന്ത്രണ്ടു വയസുകാരിയായ മുസ്ലീം ബാലിക ഭഗവത്ഗീത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. മുംബൈ സ്വദേശിനിയായ മരിയം ആസിഫ് സിദ്ദിഖിയാണ് ഹൈന്ദവ ഗ്രന്ഥമായ ഗീതയിലെ അറിവ് കൊണ്ട് മതത്തിന്റെ മതിലുകള്‍ മറികടന്നത്.
ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഗീത മത്സരത്തില്‍ മുംബയിലെ 195 സ്‌കൂളുകളില്‍ നിന്നുള്ള 4500 കുട്ടികളാണ് പങ്കെടുത്തത്. കുട്ടികള്‍ക്ക് ഗീതയിലുള്ള ജ്ഞാനവും അവര്‍ അത് എത്രത്തോളം മനസിലാക്കിയിരിക്കുന്നു എന്നുമാണ് മത്സരത്തില്‍ പരീക്ഷിച്ചത്.
മത്സരത്തില്‍ പങ്കെടുക്കാന്‍ അധ്യാപികയാണ് തന്നോട് ആവശ്യപ്പെട്ടതെന്നും ഏത് മതത്തിന്റേതായാലും മത്സരത്തില്‍ പങ്കെടുക്കാന്‍ പറഞ്ഞ് മാതാപിതാക്കള്‍ തന്നെ പിന്തുണച്ചെന്നും മരിയം പറഞ്ഞു. അര്‍ജുനനോട് എങ്ങനെ ജീവിക്കണമെന്നും എല്ലാവരോടും എങ്ങനെ സംസാരിക്കണമെന്നും എങ്ങനെ മറ്റുള്ളവരെ ബഹുമാനിക്കണമെന്നും മറ്റും കൃഷ്ണന്‍ പറഞ്ഞു കൊടുക്കുന്ന ഗീതയിലെ കഥകള്‍ തനിക്ക് വളരെ ഇഷ്ടമാണെന്നും മരിയം വെളിപ്പെടുത്തി.
ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മരിയം ബൈബിളും മുഴുവന്‍ വായിച്ചിട്ടുണ്ട്. ഇതോടൊപ്പം ഖുറാനെ സംബന്ധിച്ച പ്രഭാഷണങ്ങളിലും പങ്കെടുക്കാറുണ്ട്. ഒരു മുസ്ലീം ബാലികയ്ക്ക് ഗീത മത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് മുസ്ലീം പുരോഹിതനായ മൗലാന ഉമര്‍ അഹ്മദ് ഇല്യാസി പറഞ്ഞു. ഗീതയും ഖുറാനും വിശുദ്ധ ഗ്രന്ഥങ്ങളാണെന്ന് പറഞ്ഞ അദ്ദേഹം മതം ഏവരേയും ഒന്നിപ്പിക്കുകയാണെന്നും, അകറ്റുകയല്ലെന്നും കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല