സ്വന്തം ലേഖകന്‍: അമേരിക്കയില്‍ മുസ്ലീം കുട്ടികള്‍ സ്വിമ്മിംഗ് പൂളിലിറങ്ങുന്നത് വിലക്കിയ അധികൃതരുടെ നടപടി വിവാദമാകുന്നു. മുസ്‌ലീം മനുഷ്യാവകാശ സംഘടനയായ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റൈറ്റ്‌സ് സംവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അറിയിച്ചു. കുട്ടികളെ എന്തു കാരണത്തിന്റെ പേരിലാണ് പൂളില്‍ നിന്ന് വിലക്കിയതെന്ന് ആരാഞ്ഞ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റൈറ്റ്‌സ് അധികൃതര്‍, പൂളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ സ്വീകരിച്ച നിലപാട് ശരിയായില്ലെന്നും വ്യക്തമാക്കി.
മതവിശ്വാസത്തിനു സ്വാതന്ത്ര്യമുള്ള അമേരിക്കയില്‍ മതത്തിന്റെ പേരില്‍ പൊതുഇടങ്ങളില്‍ നിന്ന് ആളുകള്‍ മാറി നില്‍ക്കേണ്ടി വരുന്ന സംഭവങ്ങള്‍ അവിശ്വസനീയമാണെന്നും വിഷയത്തില്‍ വില്‍മിംഗ്ടണ്‍ മേയര്‍ സ്വീകരിച്ച നിലപാട് പ്രശംസനീയമാണെന്നും ഇസ്‌ലാമിക് റൈറ്റ്‌സ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഡാല്‍വെയറിലാണ് ആരോപണത്തിനാസ്പദമായ സംഭവം ഉണ്ടായത്. അറബിക് ഭാഷാ ജ്ഞാന പരിപാടിക്കെത്തിയ വിദ്യാര്‍ഥികളെയാണ് സ്വിമ്മിംഗ് പൂളില്‍ അധികൃതര്‍ തടഞ്ഞത്.
വസ്ത്രധാരണത്തിന്റെ പേരിലാണ് വിദ്യാര്‍ഥികളെ തടഞ്ഞതെന്നായിരുന്നു പരിപാടിയുടെ മുഖ്യസംഘാടക തസിയാന്‍ ഇസ്മയിലിന്റെ പരാതി. കഴിഞ്ഞ നാലുവര്‍ഷമായി തുടര്‍ച്ചയായി പരിപാടി സംഘടിപ്പാക്കാറുണ്ടെന്നും എല്ലാത്തവണയും വിദ്യാര്‍ഥികളെ ഫോസ്റ്റര്‍ ബ്രൗണ്‍ പബ്ലിക് പൂളില്‍ കൊണ്ടുവരാറുണ്ടന്നും പറഞ്ഞ അവര്‍ ഇതാദ്യമായാണ് വസ്ത്രധാരണത്തിന്റെ പേരില്‍ കുട്ടികളെ തടയുന്നതെന്നും വ്യക്തമാക്കിയിരുന്നു.
തലവരെ മൂടിയിരുന്ന കോട്ടണ്‍ വസ്ത്രങ്ങളണ് വിദ്യാര്‍ഥികളില്‍ ചിലര്‍ ധരിച്ചിരുന്നത്. കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിച്ച് പൂളില്‍ ഇറങ്ങാന്‍ ആരെയും അനുവദിക്കാറില്ലെന്നാണ് പൂള്‍ അധികൃതര്‍ നല്‍കിയ നിര്‍ദേശം. എന്നാല്‍ തങ്ങള്‍ അവിടെ നില്‍ക്കുമ്പോള്‍ തന്നെ മറ്റ് നിരവധികുട്ടികള്‍ കോട്ടണ്‍ വസ്ത്രം ധരിച്ച് പൂളില്‍ ഇറങ്ങുന്നത് കാണാമായിരുന്നുവെന്നും ഇത് ചോദ്യം ചെയ്തപ്പോള്‍ പുറത്ത് നിന്ന പോലീസ് ഉദ്യോഗസ്ഥനെ അകത്തേക്ക് വിളിച്ച ശേഷം തങ്ങളെ പുറത്താക്കാക്കുകയായിരുന്നുവെന്നുമായിരുന്നു തസിയാന്‍ ഇസ്മയിലിന്റെ പരാതി.
എന്നാല്‍, സുരക്ഷാ കാരണങ്ങള്‍ മാത്രം മുന്‍നിര്‍ത്തിയാണ് കുട്ടികള്‍ക്ക് ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയതെന്നും മറിച്ചുള്ള ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നുമായിരുന്നു അധികൃതര്‍ അറിയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല