സ്വന്തം ലേഖകന്‍: മുസ്ലീമായതിന്റെ പേരില്‍ മലയാളി അധ്യാപികക്ക് ഡല്‍ഹിയില്‍ വീട് നിഷേധിച്ചു, കെജ്‌രിവാള്‍ ഇടപെടുന്നു. എറണാകുളം സ്വദേശിനിയും ഡല്‍ഹി സൗത്ത് കാമ്പസിലെ കോളേജില്‍ ഇംഗ്ലീഷ് അധ്യാപികയുമായ റീമ ഷംസുദ്ദീനോടാണ് മുസ്ലിങ്ങള്‍ക്കു വീടുനല്‍കാനാവില്ലെന്ന് ഉടമ അറിയിച്ചത്. കാഴ്ചക്കുറവുള്ള അധ്യാപിക ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയ വീഡിയോ യുട്യൂബില്‍ അപ്‌ലോഡ് ചെയ്തു.
പരാതി ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന സര്‍ക്കാര്‍ അധ്യാപികയ്ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനംചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ പ്രതിനിധികള്‍ ഇവരെ സന്ദര്‍ശിക്കുകയും ചെയ്തു. ഹൈദരാബാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസില്‍നിന്ന് പിഎച്ച്.ഡി. നേടിയ റീമ കഴിഞ്ഞ ഫിബ്രവരിയിലാണ് ഡല്‍ഹിയിലെത്തിയത്.
വേനലവധിക്ക് നാട്ടില്‍പ്പോയി മാതാവുമായി ഡല്‍ഹിയിലെത്തി. ഒരുവീടിന് വാടകയായി അഡ്വാന്‍സ് കൊടുക്കുകയും ചെയ്തു. എന്നാല്‍, സാധനങ്ങളുമായി ഇവിടെയെത്തിയപ്പോള്‍ കെട്ടിടമുടമ താക്കോല്‍ കൊടുക്കാന്‍ വിസമ്മതിച്ചു. മുസ്ലിങ്ങള്‍ക്ക് ഫ്‌ലാറ്റ് നല്‍കാനാവില്ല എന്നാണദ്ദേഹം പറഞ്ഞത്.
തലസ്ഥാന നഗരത്തിലുണ്ടായ ഈ സംഭവം തന്നെ ഞെട്ടിച്ചുവെന്ന് റീമ പറഞ്ഞു. അധ്യാപികയായ തനിക്ക് ഇത്തരത്തില്‍ അനുഭവങ്ങളുണ്ടാകുന്നുണ്ടെങ്കില്‍ രാജ്യത്തിന്റെ പലഭാഗങ്ങളില്‍നിന്നുള്ള എത്ര വിദ്യാര്‍ഥികള്‍ വിവേചനമനുഭവിക്കുന്നുണ്ടാകുമെന്ന് അവര്‍ ചോദിച്ചു. ഹൈദരാബാദില്‍ എട്ടുവര്‍ഷം ജീവിച്ചിട്ടും ഇങ്ങനെയൊരനുഭവമുണ്ടായിട്ടില്ല. അപമാനകരമായ ഇത്തരം സംഭവങ്ങളുണ്ടാകരുതെന്നാണ് മുഖ്യമന്ത്രി കെജ്‌രിവാളിനോട് അഭ്യര്‍ഥിക്കാനുള്ളതെന്നും അവര്‍ വീഡിയോയിലൂടെ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല