ബ്രിട്ടനിലെ മുസ്ലീം പളളികളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ശരീ അത്ത് നിയമപ്രകാരം വിവാഹം കഴിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പന്ത്രണ്ട് വയസ്സ് പ്രായമുളള ഒരു പെണ്‍കുട്ടിയെ ഇരുപതുകാരനായ ഒരു യുവാവിന് വിവാഹം കഴിച്ച് നല്‍കിയതായി രണ്ട് ഇമാമുകള്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. നിര്‍ബന്ധിത വിവാഹം നിയമവിരുദ്ധമാക്കാന്‍ ഗവണ്‍മെന്റ് കൊണ്ടുവരുന്ന പുതിയ നിയമത്തില്‍ ഇത്തരം ആഘോഷങ്ങള്‍ക്കെതിരേയും നടപടികളുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ബ്രിട്ടനില്‍ ഒരു വര്‍ഷം 1000ത്തിനും 8000 ത്തിനും ഇടയില്‍ നിര്‍ബന്ധിത വിവാഹം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും പതിനഞ്ച് വയസ്സില്‍ താഴെ പ്രായമുളള കുട്ടികളാണ് എന്നതാണ് സത്യം. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത ഒരു കേസില്‍ വിവാഹിതയായ കുട്ടിക്ക് അഞ്ച് വയസ്സ് മാത്രമായിരുന്നു പ്രായമെന്നും കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ വിവാദമായ കേസില്‍ കുട്ടിയുടെ പിതാവ് തന്നെയാണ് തങ്ങളെ സമീപിച്ചതെന്ന് ഇമാംമുമാര്‍ വ്യക്തമാക്കി. കുട്ടികള്‍ പാശ്ചാത്യ ശൈലി പിന്തുടരുമോ എന്ന് ഭയന്നാണ് വിവാഹം നടത്താന്‍ അയാള്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു.
പീറ്റേഴ്‌സ് ബര്‍ഗ്ഗിലെ ഹുസൈനി ഇസ്ലാമിക് സെന്ററിലെ ഇമാമായ മുഹമ്മദ് ഖസ്സാമാലിയാണ് രഹസ്യമായി ഇത്തരം വിവാഹങ്ങള്‍ നടത്തികൊടുക്കുന്നുണ്ടെന്ന് സമ്മതിച്ചത്. ഈസ്റ്റ് ലണ്ടനിലെ ഷോര്‍ഡിക്ച് പളളിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത അബ്ദുള്‍ ഹഖ് എന്ന ഇമാമും താന്‍ ഇത്തരം വിവാഹങ്ങള്‍ ഇപ്പോഴും നടത്തികൊടുക്കാറുണ്ടെന്ന് സമ്മതിച്ചു. ബുധനാഴ്ചകളിലെ പ്രാര്‍ത്ഥനാ സമയത്താണ് സാധാരണയായി ഇത്തരം രഹസ്യവിവാഹങ്ങള്‍ നടക്കാറുളളതെന്നും അവര്‍ വെളിപ്പെടുത്തി.
ശരീ- അത്ത് നിയമപ്രകാരം അത്തരം വിവാഹം നടത്തികൊടുക്കുന്നതില്‍ തെറ്റില്ലെന്നും എത്രയും നേരത്തെ പെണ്‍കുട്ടിയെ വിവാഹം കഴിച്ച് നല്‍കാമോ അത്രയും നേരത്തെ നല്‍കണമെന്നും ഇമാമുമാര്‍ പറഞ്ഞു. അത് ബ്രിട്ടനില്‍ അനുവദിക്കാതിരിക്കുന്നത് കൊണ്ടാണ് രഹസ്യമായി ഇത്തരം വിവാഹങ്ങള്‍ നടത്തേണ്ടി വരുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. സണ്‍ഡേ ടൈംസ് നടത്തിയ അന്വേഷണത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹം ബ്രിട്ടനിലെ മുസ്ലീം സമുദായത്തില്‍ സാധാരണമാണന്ന് കണ്ടെത്തിയത്. പതിനാറ് വയസ്സ് പൂര്‍ത്തിയാകാത്ത കുട്ടികളുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നത് ബ്രട്ടീഷ് നിയമപ്രകാരം തെറ്റാണ്. എന്നാല്‍ ഇസ്ലാമിക നിയമപ്രകാരം വിവാഹശേഷം മാത്രമേ ലൈംഗിക ബന്ധം പാടുളളു. നിയമപ്രകാരമുളള പതിനാറ് വയസ്സ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിച്ച ശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ഭര്‍ത്താവ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി ലൈംഗികബന്ധം പുലര്‍ത്തിയ കുറ്റത്തിന് പ്രോസിക്യൂട്ട് ചെയ്യപ്പെടുകയും ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്യേണ്ടി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല