സ്വന്തം ലേഖകന്‍: ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലീം വിലക്കിനെതിരെ വൈറ്റ് ഹൗസില്‍ കലാപക്കൊടി, നടപടിയില്‍ പ്രതിഷേധിച്ച് വൈറ്റ് ഹൗസിലെ മുസ്ലീം ജീവനക്കാരി ജോലി രാജിവച്ചു. ബംഗ്ലാദേശ് വംശജയായ റുമാന അഹമ്മദാണ് ജോലി ഉപേക്ഷിച്ചത്. നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗമായ ഇവര്‍ 2011 മുതല്‍ വൈറ്റ് ഹൗസില്‍ ജോലി ചെയ്തുവരികയായിരുന്നു. നേരത്തെ ട്രംപിന്റെ നയങ്ങളില്‍ പരസ്യമായ എതിര്‍പ്പ് പ്രകടിപ്പിച്ച ഇവര്‍ ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യു.എസിലേക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നാലെ രാജി വക്കുകയായിരുന്നു.
തന്റെ രാജ്യത്തിന്റെ നിലപാടുകളെ സംരക്ഷിക്കുകയാണ് തന്റെ ജോലി. വൈറ്റ് ഹൗസിലെ വെസ്റ്റ് വിങില്‍ ജോലി ചെയ്യുന്ന ഏക ഹിജാബ് ധാരിയാണ് താന്‍. മുന്‍ ഒബാമ ഭരണകൂടം എപ്പോഴും സൗഹാര്‍ദ്ദ മനോഭാവമാണ് തന്നോട് സ്വീകരിച്ചിരുന്നതെന്നും റുമാന ‘ദ അറ്റ്‌ലാന്റികില്‍’ എഴുതിയ ലേഖനത്തില്‍ പറയുന്നു. തന്റെ സഹപ്രവര്‍ത്തകരായ അമേരിക്കന്‍മുസ്ലീംകള്‍ തങ്ങളുടെ സമുദായത്തെ അധിക്ഷേപിക്കുന്ന ട്രംപിന്റെ പ്രഖ്യാപനത്തെ അമ്പരപ്പോടെയാണ് കണ്ടതെന്നും അവര്‍ പറയുന്നു.
രാജിവയ്ക്കും മുന്‍പ് എന്‍എസ്.സിയിലെ ട്രംപിന്റെ മുതിര്‍ന്ന ഉപദേശകന്‍ മൈക്കിള്‍ ആന്റണിനെ അറിയിച്ചു. തെല്ല് അമ്പരപ്പോടെയാണ് അദ്ദേഹം ഇത് കേട്ടത്. അപമാനം സഹിച്ച് ജോലി ചെയ്യാനുള്ള ബുദ്ധിമുട്ട് അദ്ദേഹത്തെ അറിയിച്ചു. ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ ഭരണകൂടം തകര്‍ക്കുകയാണെന്നും പറഞ്ഞു. തന്റെ വാക്കുകളെ നിശബ്ദനായി നിന്നു കേള്‍ക്കുകയാണ് ആന്റണ്‍ ചെയ്തതെന്നും റുമാന അഹമ്മദ് ലേഖനത്തില്‍ പറയുന്നു.
ഒബാമ പ്രസിഡന്റായിരിക്കെ നാഷ്ണല്‍ സെക്യൂരിറ്റി കൗണ്‍സിലിലാണ് റുമാനയെ നിയമിച്ചിരുന്നത്. കൗണ്‍സിലിലെ ഏക ശിരോവസ്ത്രധാരി എന്ന നിലയില്‍ റുമാന ശ്രദ്ധേയയാകുകയു ചെയ്തു. 1978 ലാണ് റുമാനയുടെ കുടുംബം യു.എസിലേക്ക് കുടിയേറിയത്. 2011ല്‍ ജോര്‍ജ് വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് റുമാന വൈറ്റ് ഹൗസില്‍ ജോലി ആരംഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല