സ്വന്തം ലേഖകന്‍: ‘ഇരകളെ സഹായിക്കാന്‍ ആദ്യം ഒപ്പം നിന്നു; ആകെ പേടിച്ചുപോയതിനാല്‍ വീട്ടിലേക്ക് വിളിക്കാനാണ് ഫോണ്‍ എടുത്തത്,’ ലണ്ടന്‍ ഭീകരാക്രമണ സമയത്ത് മൊബൈലില്‍ നോക്കി നടന്നുപോയതിന് ക്രൂശിക്കപ്പെട്ട മുസ്ലീം യുവതിക്ക് പറയാനുള്ളത്. ഭീകരാക്രമണത്തില്‍ പരിക്കേറ്റവര്‍ വേദനകൊണ്ട് പുളയവെ, ഇതൊന്നും തന്നെ ബാധിക്കില്ലെന്ന മട്ടില്‍ മൊബൈല്‍ ഫോണില്‍ നോക്കി നടന്ന മുസ്ലിം യുവതിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ചിത്രം വൈറലായതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ യുവതിക്ക് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നു. ഒടുവില്‍ എന്താണ് സംഭവിച്ചതെന്ന വിശദീകരണവുമായി പെണ്‍കുട്ടി രംഗത്ത് വന്നിരിക്കുകയാണ്. ഭീകരാക്രമത്തിലുണ്ടായ നിരാശയും പേടിയും ആശങ്കയുമായിരുന്നു അപ്പോള്‍ സംഭവത്തെക്കുറിച്ച് വീട്ടിലേക്ക് വിളിച്ചുപറയുന്നതിനാണ് ഫോണെടുത്തതെന്നും യുവതി വിശദീകരിച്ചു. ആക്രമണത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ ശ്രമിച്ചശേഷമാണ് താന്‍ ഫോണെടുത്ത് വീട്ടിലേക്ക് വിളിച്ചതെന്നും യുവതി വ്യക്തമാക്കി.
തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചപ്പോള്‍ താന്‍ വീണ്ടും തകര്‍ന്നുപോയെന്ന് യുവതി പറയുന്നു. തന്നെ കളിയാക്കിയവര്‍, അത്തരമൊരു നിമിഷത്തില്പ്പെട്ടുപോകുന്ന ഒരാളുടെ മാനസികാവസ്ഥ മനസ്സിലാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അപകടത്തില്‍പ്പെട്ടവരെ സഹായിച്ചശേഷമാണ് താന്‍ വീട്ടിലേക്ക് വിളിക്കാന്‍ തീരുമാനിച്ചത്. ബഹളത്തില്നിന്നുമാറി നിന്ന് വിളിക്കാമല്ലോ എന്ന് കരുതി നടന്നുപോയപ്പോള്‍ ജാമി ലൂറിമന്‍ എടുത്ത ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ചിലര്‍ ഈ ചിത്രം തന്നെ അവഹേളിക്കാനായി ഉപയോഗിക്കുകയായിരുന്നെന്നും യുവതി പറയുന്നു.
ആക്രമണത്തിനിരയായവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് താനെന്നും അവര്‍ പറഞ്ഞു. ചിത്രമെടുത്ത ലൂറിമന്‍ പിന്നീട് പെണ്‍കുട്ടിയെ പിന്തുണച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ രംഗത്തു വന്നിരുന്നു. നേരത്തെ ലോകത്തുനടക്കുന്ന മറ്റൊന്നും തന്നെ ബാധിക്കില്ലെന്ന മനോഭാവാണ് ഇവര്‍ക്കെന്ന് ഒരു കൂട്ടം വാദിച്ചപ്പോള്‍, പെണ്‍കുട്ടി ആകെ ഭയചകിതയായിരുന്നുവെന്ന് മറ്റു ചിലര്‍ വാദിച്ചത് സമൂഹ മാധ്യമങ്ങളില്‍ ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്ക് വഴിയൊരുക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല