1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2016

ജിജോ അറയത്ത്: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാട്ടുകാര്‍ നോട്ടിംഗ്ഹാമില്‍ ഒത്തുചേരുന്നു; ഒന്‍പതാമത് മുട്ടുചിറ സംഗമം സെപ്റ്റംബര്‍ 3 ശനിയാഴ്ച. കടല്‍ തുരുത്തായിരുന്ന, കടന്തേരി എന്നറിയപ്പെട്ടിരുന്ന കടത്തുരുത്തിയും, മുട്ടില്ലാത്ത, ഒന്നിനും കുറവില്ലാത്ത ചിറയായിരുന്ന മുട്ടുചിറയും, വാല് പോലുള്ള ചിറയായ വാലാച്ചിറയുമെല്ലാം കേരളം ചരിത്രത്തിന്റെ തന്നെ ഭാഗമായിരുന്നു. ഇങ്ങനെയുള്ള മുട്ടുചിറ എന്ന കൊച്ചുഗ്രാമം ഇന്ന് ലോക പ്രശസ്തമാണ്. ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ വി. അല്‍ഫോന്‍സാമ്മ തന്റെ ജീവിതത്തിന്റെ കുറെ വര്‍ഷങ്ങള്‍ ചിലവഴിച്ച ഒരു നാടാണ് മുട്ടുചിറ. ആ പുണ്യവതിയുടെ സ്വഭാവ ശുദ്ധിയും, സഹനവും, എല്ലാ നന്മകളും, ദൈവീക ഗുണങ്ങളും വളര്‍ത്തിയെടുക്കുവാന്‍ സഹായിച്ച നന്മയുടെ നാടാണ് മുട്ടുചിറ. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ വളര്‍ത്തു ഗൃഹമായ മുരിക്കന്‍ തറവാടും മാതൃ ഗൃഹമായ പുതുക്കരി തറവാടുമെല്ലാം മുട്ടുചിറയിലാണ്.

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പാദസ്പര്‍ശനത്താല്‍ അനുഗ്രഹീതമായ മുട്ടുചിറ നിവാസികള്‍ ഒന്പതാമതും നോട്ടിംഗ്ഹാമില്‍ ഒത്തുചേരുന്നു. സംഘാടന മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും എന്നും വ്യത്യസ്തത കൈവരിച്ചിരുന്ന മുട്ടുചിറ സംഗമം യുകെയിലെ തന്നെ ഏറ്റവും വലിയ സംഗമങ്ങളില്‍ ഒന്നാണ്. സെപ്റ്റംബര്‍ 3, ശനിയാഴ്ച വിപുലമായ പരിപാടികളോടെ രാവിലെ 10 മണിയോട് കൂടി നോട്ടിംഗ്ഹാമിലുള്ള ട്രോവല്‍ പാരിഷ് ഹാളിലാണ് ഒന്‍പതാമത് മുട്ടുചിറ സംഗമത്തിന് തുടക്കം കുറിക്കുന്നത്. സംഗമത്തിന്റെ രക്ഷാധികാരിയും, പുതുക്കരിനടയ്ക്കല്‍ കുടുംബാംഗവും, സ്വിറ്റ്‌സര്‍ലാന്‍ഡിലെ സൂറിച്ച് ഇടവക വികാരിയുമായ റവ. ഫാ. വര്‍ഗീസ് ഇടയ്ക്കല്‍, മുട്ടുചിറ ഫെറോന പള്ളി മുന്‍ അസിസ്റ്റന്റ് വികാരി റവ. ഫാ. ബിജു ജോസഫ് കുന്നക്കാട്ട്, റവ. ഫാ. ബെന്നി മരങ്ങോലില്‍, തുടങ്ങിയവരുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയോട് കൂടി സംഗമത്തിന് തുടക്കമാകും.

തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോട് കൂടി സംഗമത്തിന്റെ ഉത്ഘാടനം നിര്‍വ്വഹിക്കപ്പെടും. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ദമ്പതികള്‍ക്കായും വിവിധ കലാകായിക മത്സരങ്ങള്‍ അരങ്ങേറും. വാശിയേറിയ കലാകായിക മത്സരങ്ങള്‍ക്ക് ശേഷം വിവിധ നൃത്തനൃത്യങ്ങളും സ്‌കിറ്റുമെല്ലാം പരിപാടികള്‍ക്ക് വര്‍ണ്ണപകിട്ടേകും. സംഗമത്തിനിടയ്ക്കു നടത്തുന്ന ഗാനമേള പരിപാടികളുടെ പകിട്ട് വര്‍ധിപ്പിക്കും. ഇത്തവണത്തെ സംഗമത്തിന് യൂറോപ്പില്‍ നിന്ന് പോലും നിരവധി ആളുകള്‍ എത്തിചേരുന്നത് കൊണ്ട് നൂറോളം ഫാമിലികള്‍ സംഗമത്തിനെത്തി ചേരുമെന്ന് പ്രധാന സംഘാടകനായ ബിജോയ് കൊല്ലംപറമ്പില്‍ അറിയിച്ചു. മികച്ച സംഘാടകനും പൊതു പ്രവര്‍ത്തകനുമായ ജോണി കണിവേലിയാണ് സംഗമത്തിന്റെ മറ്റൊരു കണ്‍വീനര്‍.

മുട്ടുചിറ സംഗമം ഇന്‍ യുകെ സംഘടിപ്പിച്ച ഇലക്ഷന്‍ പ്രവചന മത്സരത്തിലെ വിജയിയായ ഷൈനി കുര്യന്‍ ബിജോയിക്ക് സംഗമത്തില്‍ വച്ച് സമ്മാനം വിതരണം ചെയ്യുന്നതാണ്. വിവിധ സാമൂഹിക, രാഷ്ട്രീയ, മതമേലധ്യക്ഷന്മാര്‍ സംഗമാറ്റത്തിന് ടെലിഫോണിലൂടെ ആശംസകള്‍ അറിയിക്കും. സെപ്തംബര് 5ന് നടത്തുന്ന ഔട്ടിങ്ങോട് കൂടി സംഗമ പരിപാടികളവസാനിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ബിജോയ് കൊല്ലംപറമ്പില്‍ : 07540107697

ജോണി കണിവേലില്‍: 078898800292

അഡ്രസ്:

TROWELL PARISH HALL

STAPLEFORD ROAD

NOTTINGHAM

NG93AQ

മുട്ടുച്ചിറക്കാരുടെ സൗഹൃദം പങ്കു വയ്ക്കുവാന്‍ കിട്ടുന്ന ഈ അവസരം കഴിവതും വിനിയോഗിക്കണമെന്ന് സംഗമ കണ്‍വീനര്‍മാരായ ബിജോയ് കൊല്ലംപ്പറമ്പില്‍, ജോണി കണിവേലില്‍ എന്നിവര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.